ന്യൂഡൽഹി
ഒരു മാസത്തിൽ രണ്ടുതവണ ബിജെപി അലങ്കോലപ്പെടുത്തിയ ഡൽഹി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർടി സുപ്രീംകോടതിയെ സമീപിച്ചു. എഎപിയുടെ മേയർ സ്ഥാനാർഥി ഷെല്ലി ഒബ്റോയ് ആണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് ഹർജി ഫെബ്രുവരി മൂന്നിന് പരിഗണിക്കാമെന്ന് അറിയിച്ചു.
നാമനിർദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശം നൽകരുതെന്നും ഹർജിയിലുണ്ട്. ജനുവരി ആറിന് ചേർന്ന ആദ്യ യോഗം കൂട്ടയടിയിൽ കലാശിച്ചു.
പിന്നീട് 23ന് യോഗം ചേർന്നെങ്കിലും ബിജെപി കൗൺസിലർമാർ വീണ്ടും പ്രശ്നമുണ്ടാക്കിയതോടെ വോട്ടെടുപ്പ് നടന്നില്ല. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യംകുറിച്ചാണ് ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 134 സീറ്റ് ജയിച്ച് എഎപി മുന്നിലെത്തിയത്.