കൊച്ചി
ഏഴുകോടിയിലധികം രൂപ വിലവരുന്ന സ്വർണം റഫ്രിജറേറ്ററിന്റെ കംപ്രസറിൽ ഒളിപ്പിച്ചനിലയിൽ കൊച്ചി തുറമുഖം വഴി കടത്തിയ കേസിൽ പ്രതി അബ്ദുൾ റൗഫിനെ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു. ഇയാളെ കരുതൽ തടങ്കലിലാക്കിയതിനെതിരെ ഭാര്യ ശബ്ന അബ്ദുള്ള നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിപറഞ്ഞത്.
2021 ഏപ്രിൽ ഇരുപതിനാണ് തുറമുഖം വഴിയുള്ള സ്വർണക്കടത്ത് ഡിആർഐ കണ്ടെത്തിയത്. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന റൗഫ് പിന്നീട് നേപ്പാൾ വഴി ഇന്ത്യയിലെത്തി ഇവിടെ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ കരുതൽ തടങ്കലിലാക്കാൻ കേന്ദ്രസർക്കാർ ഉത്തരവ് ഉണ്ടായിരുന്നതിനാൽ കോഫെപോസപ്രകാരം കരുതൽ തടങ്കലിലാക്കി. തുടർന്നാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. റൗഫ് ഉൾപ്പെട്ട സംഘം പലതവണ തുറമുഖം വഴി സ്വർണം കടത്തിയതായി റവന്യു ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.