മനാമ > ദേശീയ അസംബ്ലിയുമായുള്ള അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ തിങ്കളാഴ്ച രാജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.. ജനകീയ കരട് നിയമങ്ങളില്‍ ദേശീയ അസംബ്ലിയോട് പ്രതിജ്ഞാബദ്ധത കാണിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് രാജി തീരുമാനമെന്ന് അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭ രാജിക്കാര്യം കുവൈത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് വര്‍ഷത്തിനിടെ കുവൈറ്റിന്റെ അഞ്ചാമത്തെ മന്ത്രിസഭരാജിയാണിത്.
രണ്ട് മന്ത്രിമാര്‍ക്കെതിരായ അന്വേഷണം പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഞായറാഴ്ച എംപിമാര്‍ നിരസിച്ചിരുന്നു. ഇതോടെ സര്‍ക്കാരും ദേശീയ അസംബ്ലിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ നിയമസഭയുടെ പതിവ് സമ്മേളനം സര്‍ക്കാര്‍ ബഹിഷ്കരിക്കാന്‍ സാധ്യതയുള്ളതായും തിങ്കളാഴ്ചയിലെ പ്രതിവാര ക്യാബിനറ്റ് യോഗത്തില്‍ ദേശീയ അസംബ്ലിയുടെ സഹകരണമില്ലായ്മയില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ ധനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും മറുപടി പറയാനിരുന്ന രണ്ട് ഉപചോദ്യങ്ങളും സര്‍ക്കാര്‍ തിങ്കളാഴ്ച പിന്‍വലിക്കുകയും ചെയ്തു.
വിവാദമായ ജനകീയ കരട് നിയമനിര്‍മ്മാണങ്ങള്‍ പുനഃപരിശോധിക്കാനായി ദേശീയ അസംബ്ലി വീണ്ടും അസംബ്ലി കമ്മിറ്റികള്‍ക്ക് അയക്കണമെന്നും ധനമന്ത്രി അബ്ദുല്‍വഹാബ് അല്‍ റുഷൈദിനും കാബിനറ്റ് കാര്യ സഹമന്ത്രി ബരാക് അല്‍ ശീതനുമെതിരെ പരാതി നല്കിയ രണ്ട് എംപിമാര്‍ അവ പിന്‍വലിക്കണമെന്നും കാബിനറ്റ് ഞായറാഴ്ച ആവശ്യപ്പെട്ടു. ഇക്കാര്യം പരാതി നല്കിയ എംപിമാര്‍ തള്ളി. കുവൈറ്റ് ജീവനക്കാരുടെ ശമ്പളവും വിരമിച്ച പൗരന്മാരുടെ പെന്‍ഷനും വര്‍ധിപ്പിക്കാനും പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സര്‍ക്കാരിന്റെ വ്യക്തമായ പ്രതിജ്ഞബദ്ധത നല്‍കാതെ ജനകീയ ബില്ലുകള്‍ പിന്‍വലിക്കില്ലെന്ന് ധനകാര്യ കമ്മിറ്റി തലവന്‍ ഷുഐബ് അല്‍ മുവൈസ്രിയും ആവര്‍ത്തിച്ചു. ദേശീയ അസംബ്ലി കഴിഞ്ഞ സെപ്തംബര്‍ 29 നാണ് തിരഞ്ഞെടുക്കപ്പെട്ടത്. സര്‍ക്കാരുമായുള്ള നല്ല ബന്ധമായിരുന്നു തുടക്കത്തില്‍ ഭൂരിപക്ഷം എംപിമാരും പ്രധാനമന്ത്രിയെ പരിഷ്കരണവാദിയായി സ്വാഗതം ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനായി ജനപ്രിയവും ചെലവേറിയതുമായ കരട് നിയമങ്ങള്‍ എംപിമാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ ബന്ധം വഷളായി.