മെൽബൺ
സെർബിയൻ താരം നൊവാക് ജൊകോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പുരുഷ സിംഗിൾസിൽ ക്വാർട്ടറിൽ കടന്നു. ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെ 6–-2, 6–-1, 6–-2ന് തോൽപ്പിച്ചു. ക്വാർട്ടറിൽ നാളെ റഷ്യയുടെ ആന്ദ്രേ റുബ്ലേവാണ് എതിരാളി.ഒമ്പതുതവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ ജൊകോവിച്ച് 13–-ാംതവണയാണ് ക്വാർട്ടറിലെത്തുന്നത്. ഓസ്ട്രേലിയയിൽ തുടർച്ചയായി 38–-ാംവിജയം. 2019, 2020, 2021 ചാമ്പ്യനായ മുപ്പത്തഞ്ചുകാരന് കഴിഞ്ഞതവണ കോവിഡ് കുത്തിവയ്പ് എടുക്കാത്തതിനാൽ കളിക്കാനായില്ല.
ക്വാർട്ടറിൽ ഇന്ന് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് ചെക്ക് താരം ജിറി ലെഹെകയെ നേരിടും. റഷ്യയുടെ കരൺ കചനോവും അമേരിക്കയുടെ സെബാസ്റ്റ്യൻ കോർഡയും തമ്മിലാണ് മറ്റൊരു ക്വാർട്ടർ. നാളെ അമേരിക്കയുടെ ബെൻ ഷെൽട്ടൺ നാട്ടുകാരനായ ടോമി പോളിനെ നേരിടും.
വനിതകളുടെ ക്വാർട്ടറിൽ ഇന്ന് കസാഖ്സ്ഥാന്റെ എലെന റിബാകിന ലാത്വിയയുടെ ജെലെന ഒസ്തപെങ്കൊയെ നേരിടും. അമേരിക്കയുടെ ജെസിക പെഗുലയും ബെലാറസിന്റെ വിക്ടോറിയ അസെരങ്കയും തമ്മിലാണ് മറ്റൊരു ക്വാർട്ടർ. ചെക്ക് താരം കരോലിന പ്ലിസ്കോവയും പോളിഷ് താരം മഗ്ദ ലിനെറ്റും തമ്മിലുള്ള ക്വാർട്ടർ നാളെയാണ്. ബെലാറസിന്റെ അരീന സബലെങ്ക ക്രൊയേഷ്യേയുടെ ഡോന വെകികിനെ നേരിടും.
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ–-രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിലെത്തി. ഏരിയൽ ബെഹർ (ഉറുഗ്വേ)–-മകോട്ടോ നിനോമിയ (ജപ്പാൻ) കൂട്ടുകെട്ടിനെ 6–-4, 7–-6ന് തോൽപ്പിച്ചു. ഇന്ന് സെമി ലക്ഷ്യമിട്ട് ഡേവിഡ് വെഗ (സ്പെയ്ൻ)–-ഒസ്തപെങ്കോ (ലാത്വിയ) സഖ്യത്തെ നേരിടും.