ഓസ്ട്രേലിയൻ സാമ്പത്തിക രംഗം ഈ വർഷം വൻ തോതിൽ മന്ദീഭവിച്ചേക്കാം എന്നാണ് ഡെലോയിറ്റ് അക്സസ് എക്കണോമിക്സ് റിപ്പോർട്ട് പറയുന്നത്.
റിസർവ് ബാങ്ക് ഇനിയും പലിശ നിരക്ക് വർദ്ധിപ്പിക്കുകയാണെങ്കിൽ, ഗുരുതരമായ ആഘാതമാകും അത് സാമ്പത്തികമേഖലയിൽ സൃഷ്ടിക്കുക എന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ മേയ് മുതലുള്ള ഏഴു മാസം കൊണ്ട് പലിശനിരക്കിൽ മൂന്നു ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്.
മേയ് വരെ 0.1ശതമാനമായിരുന്ന അടിസ്ഥാന പലിശനിരക്ക് ഇപ്പോൾ 3.1 ശതമാനമാണ്.
ഈ വർഷം വീണ്ടും പലിശ ഉയർത്തിയേക്കും എന്ന് നിരവധി റിപ്പോർട്ടുകളാണ് ഉള്ളത്.
ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഡെലോയിറ്റ് പാർട്ണർ സ്റ്റീഫൻ സ്മിത്ത് മുന്നറിയിപ്പ് നൽകി.
ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ ജനങ്ങളുടെ കൈയിലുള്ള വരുമാനം (ഡിസ്പോസബിൾ ഇൻകം) കുറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക അഭിവൃദ്ധിയുടെ സൂചികയാണ് ഡിസ്പോസബിൾ ഇൻകം.
ഓസ്ട്രേലിയൻ കുടുംബങ്ങളെ സാമ്പത്തിക ഭാരം ബാധിച്ചുതുടങ്ങി എന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഓസ്ട്രേലിയയുടെ എല്ലാ ഭാഗത്തും ഒരുപോലെയല്ല ഇത് ബാധിക്കുന്നത് എന്നും സ്റ്റീഫൻ സ്മിത്ത് ചൂണ്ടിക്കാട്ടി.
വീടുവിലയും, ജീവിതച്ചെലവും കൂടിയ കിഴക്കൻ സംസ്ഥാനങ്ങളെയാണ് സാമ്പത്തിക ഭാരം കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
നാണയപ്പെരുപ്പം ഈ വർഷം 7.2 ശതമാനമാകുമെന്നും, എന്നാൽ ജനങ്ങളുടെ വേതനം 3.5 ശതമാനം മാത്രമേ ഉയരാൻ സാധ്യതയുള്ളൂ എന്നുമാണ് ഡെലോയിറ്റ് വിലയിരുത്തൽ.
അതായത്, നാണയപ്പെരുപ്പത്തിന്റെ പകുതിപോലും വരുമാനവർദ്ധനവ് ഉണ്ടാകില്ല.
വളർച്ച പ്രതീക്ഷിച്ച് സർക്കാർ
അതേസമയം, ഈ വർഷം രാജ്യം മാന്ദ്യത്തിലേക്ക് പോകും എന്ന് കരുതുന്നില്ലെന്ന് ട്രഷറർ ജിം ചാമേഴ്സ് പറഞ്ഞു.
സാമ്പത്തിക വളർച്ച കൂടും എന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും അദ്ദേഹം സൂചിപ്പിച്ചു.
പലിശനിരക്ക് വർദ്ധന ജനങ്ങൾക്ക് ഭാരമാകുന്നുണ്ട് എന്ന് സമ്മതിച്ച ട്രഷറർ, എന്നാൽ റിസർവ് ബാങ്കിന്റെ പ്രവർത്തനത്തിൽ ഇടപെടില്ല എന്നും ആവർത്തിച്ചു.
നിരക്ക് വർദ്ധനവിന്റെ ആഘാതം ഇനിയും ജനങ്ങളിലേക്ക് പൂർണമായി എത്തിയിട്ടില്ല എന്ന് അദ്ദേഹം സമ്മതിച്ചു.
ഫിക്സഡ് റേറ്റ് ലോണുകളുടെ കാലാവധി കഴിയുമ്പോഴാണ് വീടുടമകൾക്ക് ഈ ഭാരം ബാധിക്കുന്നത്. ഈ വർഷം ഇത് എത്രത്തോളം ആഘാതമുണ്ടാക്കും എന്ന കാര്യം സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും ട്രഷറർ പറഞ്ഞു.
കടപ്പാട്: SBS മലയാളം