ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ രാജസ്ഥാനിൽ അടിച്ചും തിരിച്ചടിച്ചും കോൺഗ്രസ് നേതാക്കളുടെ വാക്പോര് മൂർച്ഛിച്ചു. കോൺഗ്രസിനെ ബാധിച്ച വലിയ കൊറോണയെന്ന തരത്തിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി അശോക് ഗെലോട്ട് പരോക്ഷമായി വിശേഷിപ്പിച്ചതോടെയാണ് വീണ്ടും ഏറ്റുമുട്ടൽ തുടങ്ങിയത്. ‘താൻ വീണ്ടും യോഗങ്ങളിൽ പങ്കെടുത്ത് തുടങ്ങി. നേരത്തെ കൊറോണയുണ്ടായിരുന്നു. ഒരു വലിയ കൊറോണ പാർടിയിലേക്കും വന്നു’–- ചിരിയോടെ ഗെലോട്ട് പറയുന്ന വീഡിയോ വൈറലാണ്.
നേരത്തെ പൈലറ്റിനെ വഞ്ചകനെന്നും കൊള്ളരുതാത്തവനെന്നും ഗെലോട്ട് വിശേഷിപ്പിച്ചിരുന്നു. 2020ൽ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തിയത് മുതൽ പൈലറ്റിനെതിരെ കടുത്ത നിലപാടിലാണ് ഗെലോട്ട്. കോവിഡിനിടെയാണ് തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുമായി പൈലറ്റ് ഹരിയാനയിലെ റിസോർട്ടിലേക്ക് മാറിയത്. പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലിലൂടെ അട്ടിമറി നീക്കം പൈലറ്റ് ഉപേക്ഷിച്ചെങ്കിലും ഗെലോട്ട് പക്ഷം അകലം പാലിക്കുക തന്നെയാണ്. ബിജെപി പിന്തുണയോടെയാണിതെന്ന് ഗെലോട്ട് ആരോപിച്ചിരുന്നു. ഗെലോട്ടിന് അടുത്ത ദിവസത്തെ റാലിയിൽ പൈലറ്റ് മറുപടി നൽകി. കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ ഒരിക്കലും എതിരാളികൾക്കെതിരെ ഉപയോഗിക്കാറില്ലെന്ന് പൈലറ്റ് പറഞ്ഞു. നാവിന് നിയന്ത്രണം വേണം.
അസഭ്യവർഷം നടത്താൻ എളുപ്പമാണ്. എന്നാൽ പ്രയോഗിച്ച വാക്കുകൾ തിരിച്ചെടുക്കാനാകില്ല. താനൊരിക്കലും വ്യക്തിപരമായ ആക്രമണം നടത്താറില്ലെന്നും പൈലറ്റ് പറഞ്ഞു.