തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ രണ്ടാംഘട്ടം സമാപനത്തിന്റെ ഭാഗമായി 26ന് എല്ലാ ജില്ലയിലും ‘ലഹരിയില്ലാ തെരുവ്’ സംഘടിപ്പിക്കും. പ്രധാന വീഥികളിലായിരിക്കും പരിപാടി. ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാ-കായിക പരിപാടികൾ സംഘടിപ്പിക്കും.
മയക്കുമരുന്ന് ലഹരിക്കെതിരെ സമൂഹത്തെയാകെ അണിനിരത്താൻ സർക്കാരിന്റെ വിവിധ പ്രചാരണ പരിപാടികളിലൂടെ കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. രണ്ടാം ഘട്ടം സമാപനവും മികവോടെ സംഘടിപ്പിക്കും. അണിചേരാൻ എല്ലാ വിഭാഗം ജനങ്ങളോടും മന്ത്രി അഭ്യർഥിച്ചു.
2022 ഒക്ടോബർ ആറിനാണ് നോ ടു ഡ്രഗ്സ് പേരിൽ സർക്കാർ വിപുലമായ പ്രചാരണം ആരംഭിച്ചത്. ആദ്യഘട്ട പ്രചാരണം നവംബർ ഒന്നിന് അവസാനിച്ചു. നവംബർ 14നാണ് രണ്ടാം ഘട്ടത്തിന് തുടക്കമായത്.