ദുബായ് > 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ്28) യുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി അബ്ദുല്ല ബിൻ സായിദാണ് “ഒരു ലോകം’ ആശയം പ്രതിഫലിപ്പിക്കുന്ന കോപ്28 യുഎഇ ലോഗോ പുറത്തിറക്കിയത്.
നാമെല്ലാവരും ‘ഒരു ലോക’ നിവാസികളാണ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ, ഇളം കടും പച്ച നിറത്തിലുള്ള ഗോളാകൃതിയിലുള്ള രൂപകൽപ്പനയിൽ, മനുഷ്യരും പുനരുപയോഗിക്കാവുന്ന ഊർജ്ജ സാങ്കേതികവിദ്യകളും മുതൽ വന്യജീവികളും പ്രകൃതിയും വരെയുള്ള വൈവിധ്യമാർന്ന ഐക്കണുകളുടെ ഒരു ശേഖരം ഒരു ഭൂഗോളത്തിൽ ഉൾക്കൊള്ളുന്ന രീതിയിലാണ് ലോഗോ. മനുഷ്യരാശിയുടെ പ്രകൃതിദത്തവും സാങ്കേതികവുമായ വിഭവങ്ങളുടെ സമ്പത്തിനെ പ്രതിനിധീകരിക്കുന്നതോടൊപ്പം സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് എല്ലാ മേഖലകളിലും നവീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ലോഗോ. അടിയന്തര കാലാവസ്ഥാ പ്രവർത്തനത്തിന് പിന്നിൽ അണിനിരക്കാനും കാലാവസ്ഥാ പ്രവർത്തനത്തിലേക്കുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന പാത ആരംഭിക്കാനും ആഗോള സമൂഹത്തെ ഓർമപ്പെടുത്തുന്നതു കൂടിയാണ് ഈ ലോഗോ.
“ഞങ്ങൾ ഒരു ലോകത്തിലാണ് ജീവിക്കുന്നത്, പാരീസ് ഉടമ്പടിയിലെത്താൻ ആവശ്യമായ പരിവർത്തന പുരോഗതി കൈവരിക്കുന്നതിന് മുമ്പെങ്ങുമില്ലാത്തവിധം സഹകരിക്കുകയും ചെയ്യേണ്ട ഒരു ലോകത്താണ് ഞങ്ങൾ ജീവിക്കുന്നത്. ഇത് ആഗോളതലത്തിലെ കാലാവസ്ഥ പ്രവർത്തനങ്ങളിൽ ആരെയും പിന്നിലാക്കാതിരിക്കുകയും ചെയ്യും” പുതിയ ലോഗോയെ പരാമർശിച്ചുകൊണ്ട്, കോപ്28 നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു,
കോപ്28-ലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്നതിനും നമ്മുടെ ഭാവി തലമുറകൾക്ക് പ്രതീക്ഷ നൽകുന്ന പൈതൃകമെന്ന നിലയിൽ സന്തുലിതവും അഭിലാഷവും ഉൾക്കൊള്ളുന്നതുമായ ഫലങ്ങൾക്കായി എല്ലാ പങ്കാളികളുമായും ഒരുമിച്ച് പ്രവർത്തിക്കാനും യുഎഇ പ്രതീക്ഷിക്കുന്നുവെന്ന് അധികാരികൾ അറിയിച്ചു.