ന്യൂഡൽഹി> ജോഷിമഠിൽ 12 ദിവസത്തിനിടെ ഭൂമി 5.4 സെന്റീമീറ്റർ ഇടിഞ്ഞുതാഴ്ന്നെന്ന ഐഎസ്ആർഒയുടെ കണ്ടെത്തൽ പുറത്തായതോടെ കൂടുതല് വിവരം പങ്കുവയ്ക്കുന്നത് വിലക്കി കേന്ദ്രസര്ക്കാര്. വിഷയത്തില് സർക്കാർ സ്ഥാപനങ്ങള് സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പ്രതികരിക്കരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) ഉത്തരവിറക്കി.
ഭൂമി ഇടിഞ്ഞുതാഴുന്നതിൽ വിവിധ സ്ഥാപനങ്ങൾ നടത്തുന്ന വ്യാഖ്യാനങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി തലവനായ എൻഡിഎംഎയുടെ വിലക്ക്. ഇതോടെ, ഐഎസ്ആർഒയുടെ ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ വെബ്സൈറ്റിൽനിന്ന് റിപ്പോർട്ട് പിൻവലിച്ചു.
സർക്കാർ സ്ഥാപനങ്ങള് സമൂഹമാധ്യമങ്ങളിലൂടെയും വിവരങ്ങൾ പങ്കുവയ്ക്കുന്നതായി ശ്രദ്ധയിൽ വന്നു. പ്രശ്നത്തെ സ്വന്തം നിലയിൽ വ്യാഖ്യാനിച്ച് മാധ്യമങ്ങളോട് ഇടപഴകുന്നത് ദുരന്തബാധിതരില് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ജോഷിമഠിലെ സ്ഥിതി പഠിക്കുന്നതിന് വിദഗ്ധസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. അതിനാല് മറ്റാരും ഒരു വിവരവും പങ്കുവയ്ക്കരുത്–- എൻഡിഎംഎ അറിയിച്ചു.
ഐഎസ്ആർഒ വിക്ഷേപിച്ച കാർട്ടോസാറ്റ് –-2എസ് ഉപഗ്രഹമെടുത്ത ചിത്രങ്ങളിൽനിന്നാണ് ജോഷിമഠിൽ ഡിസംബർ 27നും ജനുവരി എട്ടിനും ഇടയിലായി 5.4 സെന്റിമീറ്റർ ഭൂമി ഇടിഞ്ഞുതാഴ്ന്നുവെന്ന് വെളിപ്പെട്ടത്. ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ജോഷിമഠിൽ വലിയതോതിൽ ഭൂമി ഇടിഞ്ഞുതാഴ്ന്നുവെന്ന് സർക്കാർ സംവിധാനത്തിലൂടെ പുറത്തുവന്നത് മോദി സർക്കാരിനെ അസ്വസ്ഥതപ്പെടുത്തി.
പ്രധാനപ്പെട്ട ഹിന്ദു–- സിഖ് തീർഥാടനകേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമായ ജോഷിമഠിനെ പുണ്യനഗരമായാണ് വിശ്വാസികൾ പരിഗണിക്കുന്നത്. പ്രധാനപ്പെട്ട കരസേനാ ക്യാമ്പ് നിലനിൽക്കുന്ന സ്ഥലമെന്ന നിലയിൽ തന്ത്രപ്രധാന പ്രാധാന്യമുണ്ട്.