ന്യൂഡൽഹി> അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പുള്ള അവസാന പൂർണ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന ധനമന്ത്രി നിർമല സീതാരാമനു മുന്നിൽ വെല്ലുവിളികളേറെ. പ്രതീക്ഷിത ജിഡിപി വളർച്ചയിൽ പെട്ടെന്നുണ്ടായ ഇടിവ്, ഉയർന്ന പണപ്പെരുപ്പവും രൂപയുടെ മൂല്യമിടിവും, ധനകമ്മിയിലെയും വ്യാപാര കമ്മിയിലെയും കുതിച്ചുചാട്ടം, രൂക്ഷമായ തൊഴിലില്ലായ്മ, വരുമാനത്തിലെയും സമ്പത്തിലെയും രൂക്ഷമായ അസമത്വം, ഗ്രാമീണ–- കാർഷിക മേഖലയിലെ പ്രതിസന്ധികൾ എന്നിവ വലിയ വെല്ലുവിളിയാണ്. ഇവയെ അഭിമുഖീകരിച്ച് ജനപ്രിയ ബജറ്റൊരുക്കുക അസാധ്യം.
ആഭ്യന്തരമായ സാമ്പത്തിക പ്രശ്നങ്ങൾക്കൊപ്പം റഷ്യ–- ഉക്രൈൻ യുദ്ധം, യൂറോ–- യുഎസ്–- ചൈന തുടങ്ങി പ്രധാന സമ്പദ്വ്യവസ്ഥകളുടെ തളർച്ച തുടങ്ങി ആഗോള സാഹചര്യങ്ങളും പ്രതിസന്ധിയുണ്ടാക്കുന്നു.
തെരഞ്ഞെടുപ്പ് മുൻനിർത്തി ജനപ്രിയ പ്രഖ്യാപനങ്ങൾ വേണോ, സാമ്പത്തികഘടകങ്ങളെ പിടിച്ചുനിർത്താൻ നിയന്ത്രണനടപടി വേണോ എന്നത് നിർണയിക്കാൻ ധനമന്ത്രി ബുദ്ധിമുട്ടും. ധനകമ്മി പിടിച്ചുനിർത്തുന്നതിനാണ് പരിഗണനയെങ്കിൽ വലിയതോതിലുള്ള ചെലവഴിക്കൽ പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. 2023ലെ ആഗോള വളർച്ച സാധ്യത ലോകബാങ്ക് അടുത്തിടെ മൂന്നു ശതമാനത്തിൽനിന്ന് 1.7 ശതമാനമായി വെട്ടിച്ചുരുക്കി. ഇന്ത്യയുടെ നടപ്പുവർഷത്തെ പ്രതീക്ഷിത വളർച്ചയിലും ലോകബാങ്ക് 0.9 ശതമാനം കുറച്ച് 6.9 ശതമാനമാക്കി. നടപ്പുവർഷം ആദ്യ പകുതിയിൽ 9.7 ശതമാനംവരെ ആയിരുന്ന പ്രതീക്ഷിത വളർച്ചയാണ് ഇപ്പോൾ 6.9 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്.
കോവിഡ് ഭീതി അകന്നതിനുശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്. തെരഞ്ഞെടുപ്പ് വർഷത്തിൽ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ കണ്ടേക്കാമെങ്കിലും അതിനാവശ്യമായ പണം വകയിരുത്താനുള്ള സാധ്യത വിദൂരം.