ന്യൂഡൽഹി> ഭരണഘടനാ വ്യവസ്ഥകൾ മറികടന്നാണ് സുപ്രീംകോടതി കൊളീജിയം സംവിധാനത്തിന് രൂപം നൽകിയതെന്ന് കേന്ദ്രനിയമമന്ത്രി കിരൺ റിജിജു. ജഡ്ജിമാരുടെ നിയമനപ്രക്രിയയിൽ ജഡ്ജിമാർ ഇടപെടരുതെന്ന് ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൂടിയാലോചനയിൽ പങ്കാളിയാകാൻ മാത്രമാണ് ജഡ്ജിമാർക്ക് അവകാശം. സർക്കാരിന് ജഡ്ജിമാരുടെ അഭിപ്രായം തേടി നിയമിക്കാം. എന്നാൽ, ഇപ്പോൾ ജഡ്ജിമാരുടെ നിയമനത്തിൽ ജുഡീഷ്യറി പൂർണമായും ഇടപെടുന്നു– -ആകാശവാണിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം അവസാനിപ്പിക്കാൻ കേന്ദ്രം ശ്രമിച്ചുവരവെയാണ് മന്ത്രിയുടെ പ്രതികരണം. കൊളീജിയം സംവിധാനത്തിനെതിരെ മന്ത്രി മുമ്പ് നടത്തിയ പ്രസ്താവനകളിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൊളീജിയം രണ്ടാമതും നിയമന ശുപാർശ നൽകിയാൽ അത് അംഗീകരിക്കണമെന്നു കാണിച്ച് സർക്കാരിന് കത്തും നൽകി. കൊളീജിയം ശുപാർശ ചെയ്ത നിയമനങ്ങൾക്ക് അനുമതി വൈകുന്നതിൽ സുപ്രീംകോടതി ജസ്റ്റിസ് എസ് കെ കൗളിന്റെ ബെഞ്ച് കേന്ദ്രസർക്കാരിനെ കഴിഞ്ഞദിവസം രൂക്ഷമായി വിമർശിക്കുകയുംചെയ്തു.
ജുഡീഷ്യറിക്കും ബന്ധപ്പെട്ടവർക്കും ഭരണഘടനയുടെ അന്തഃസത്തയെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതാണ് ജഡ്ജിമാരുടെ നിയമനത്തിൽ നേരിടുന്ന പ്രധാന പ്രശ്നമെന്ന് റിജിജു പറഞ്ഞു. ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കണമെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നു. മറ്റു കക്ഷികളുമായും കൂടിയാലോചനകളാകാം. എന്നാൽ, 1993ലെ സെക്കൻഡ് ജഡ്ജസ് കേസിൽ സുപ്രീംകോടതി ഈ വ്യവസ്ഥ ഇല്ലാതാക്കി. 124–-ാം വകുപ്പിൽ കൂടിയാലോചിച്ച് നിയമിക്കണമെന്ന് പറയുന്നതിനെ സമ്മതത്തോടെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്തു. രാഷ്ട്രപതി ഇത് അനുസരിക്കാൻ ബാധ്യസ്ഥനായി. കൊളീജിയം കൊണ്ടുവന്നു.
കൊളീജിയം സംവിധാനം നിലവിലുള്ള കാലത്തോളം സർക്കാർ അതനുസരിച്ച് പ്രവർത്തിക്കും. എന്നാൽ, ജുഡീഷ്യറിയും സർക്കാരും തമ്മിലുള്ള ഉടമ്പടിയായ ജഡ്ജിമാരുടെ നിയമനത്തിലെ നടപടിക്രമം സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നു. നടപടിക്രമത്തിൽ വെള്ളം ചേർക്കാൻ സുപ്രീംകോടതി തുനിഞ്ഞാൽ സർക്കാരിന് പ്രശ്നമാകും. അത്തരത്തിൽ പ്രവർത്തിക്കരുതെന്ന് സുപ്രീംകോടതിയോട് അഭ്യർഥിക്കും. കൊളീജിയം സംവിധാനം ജഡ്ജിമാരുടെ ജോലിത്തിരക്ക് കൂട്ടുന്നെന്നും അവരുടെ കൃത്യനിർവഹണത്തെ പ്രതികൂലമായി ബാധിക്കുന്നെന്നും മന്ത്രി ആരോപിച്ചു.