കൊച്ചി> സിറോ മലബാർ സഭയുടെ മെൽബൺ (ഓസ്ട്രേലിയ) രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ. ജോൺ പനന്തോട്ടത്തിലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഔദ്യോഗികപ്രഖ്യാപനം ശനിയാഴ്ച വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും മെൽബൺ രൂപതാകേന്ദ്രത്തിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട്ട് സിറോ മലബാർ സഭാ മെത്രാൻ സുന്നഹദോസ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപനം നടത്തിയത്. മാർ ആലഞ്ചേരിയും മെൽബൺ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാൻ ബോസ്കോ പൂത്തൂരും ചേർന്ന് നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
തലശേരി പെരുമ്പുന്ന പനന്തോട്ടത്തിൽ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1966ലാണ് ഫാ. ജോൺ ജനിച്ചത്. സ്കൂൾ പഠനശേഷം കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ വൈദികപരിശീലനത്തിന് ചേർന്നു. കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും മാന്നാനം സെന്റ് ജോസഫ് കോളേജിൽനിന്ന് ബിഎഡും നേടി. ഇഗ്നോയിൽനിന്ന് എംഎഡും നേടി.
ബംഗളൂരു ധർമാരം കോളേജിൽനിന്ന് -ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയശേഷം 1996 ഡിസംബർ ഇരുപത്താറിനാണ് പൗരോഹിത്യം സ്വീകരിച്ചത്. കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും ഗൂഡല്ലൂർ മോണിങ് സ്റ്റാർ സ്കൂൾ, കോഴിക്കോട് ദേവഗിരി എച്ച്എസ്എസ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായും പ്രവർത്തിച്ചു.