ന്യൂഡൽഹി
ദേശീയ തലത്തിൽ മൂന്ന് അന്തർ സംസ്ഥാന സഹകരണ സംഘം രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൈവ ഉൽപ്പന്നങ്ങൾ, വിത്ത്, ചരക്ക്– സേവന കയറ്റുമതി മേഖലകളിലാണ് സംഘങ്ങൾ രൂപീകരിക്കുക. സഹകരണ മേഖലയിൽ കേന്ദ്രത്തിന് കടന്നുകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. ജൈവ ഉൽപ്പന്ന മേഖലയെ കൂട്ടിച്ചേർക്കൽ, സാക്ഷ്യപ്പെടുത്തൽ, പരിശോധന, സംഭരണം, സംസ്കരണം, ബ്രാൻഡിങ്, ചരക്ക് കടത്തൽ, വിപണനം എന്നീ മേഖലകളിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ സ്ഥാപനപരമായ പിന്തുണയും സാമ്പത്തിക സഹായവും നൽകാനാണ് അന്തർ സംസ്ഥാന ജൈവ സഹകരണ സംഘത്തിന് രൂപം നൽകുന്നത്. പ്രാഥമിക സംഘങ്ങൾമുതൽ സംസ്ഥാനതല ഫെഡറേഷനുകളെ വരെ ഇതിൽ അംഗമാക്കും.
വിത്തുകളുടെ ഉൽപ്പാദനം, സംഭരണം, വിപണനം, വിതരണം എന്നീ രംഗങ്ങളിൽ കൃഷി മന്ത്രാലയത്തിന്റെയും കാർഷിക ഗവേഷണ കൗൺസിലിന്റെയും ദേശീയ സീഡ് കോർപറേഷന്റെയും സഹായത്തോടെ പദ്ധതികൾ നടപ്പാക്കാനാണ് ഈ മേഖലയിൽ അന്തർ സംസ്ഥാനസംഘം. പ്രാഥമിക സംഘങ്ങൾമുതൽ ദേശീയ ഫെഡറേഷനുകൾക്കുവരെ ഇതിൽ അംഗങ്ങളാകാം. വിദേശ, വാണിജ്യ–-വ്യവസായ മന്ത്രാലയങ്ങളുടെ പിന്തുണയോടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
സഹകരണ മേഖല കേന്ദ്രസർക്കാർ നേരിട്ട് നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രണ്ടാം മോദി സർക്കാർ സഹകരണ വകുപ്പ് രൂപീകരിച്ചത്. തുടർന്ന്, അന്തർ സംസ്ഥാന സഹകരണസംഘം നിയമം ഭേദഗതി ചെയ്ത് കേന്ദ്ര ഇടപെടൽ ശക്തമാക്കി. കൊൽക്കത്തയിലെ കുടിവെള്ള, ശുചിത്വ ദേശീയ കേന്ദ്രത്തിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.