ചെന്നൈ
നയപ്രഖ്യാപന പ്രസംഗം “വിഴുങ്ങിയ’ തമിഴ്നാട് ഗവർണർ ആർ എൻ രവിയ്ക്കെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് സ്പീക്കർ എം അപ്പാവു. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി വായിച്ച ഗവർണർ രവിയുടെ നടപടി രാജ്യത്തിനാകെ നാണക്കേടാണെന്നും സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയം സഭയുടെ അന്തസ്സ് വീണ്ടെടുത്തെന്നും സ്പീക്കർ നിയമസഭയില്‍ പറഞ്ഞു.
സ്റ്റാലിന്റേത് അമിതാധികാര പ്രയോഗമാണെന്ന് ആരോപിച്ചുള്ള എഐഡിഎംകെ അംഗങ്ങളുടെ പ്രതിഷേധത്തിന് മറുപടി പറയുകയായിരുന്നു സ്പീക്കർ. എന്നാൽ, ഗവർണർക്കെതിരെ നിയമസഭയിൽ പരാമർശങ്ങൾ നടത്തരുതെന്ന് ഡിഎംകെ അംഗങ്ങളോട് സ്റ്റാലിൻ നിർദേശിച്ചു.
ഗവർണറെ വിമർശിച്ച് ദേശീയ മാധ്യമങ്ങൾ
നയപ്രഖ്യാപനത്തിൽ ഗവർണർ ആർ എൻ രവി സ്വീകരിച്ചത് ഭരണഘടനാവിരുദ്ധ നിലപാടെന്ന് ദേശീയ മാധ്യമങ്ങൾ. ആർ എൻ രവിയുടേത് മോശവും വൃത്തികെട്ടതുമായ സമീപനമാണെന്ന് ‘ദ ഹിന്ദു’ എഡിറ്റോറിയലിൽ പറഞ്ഞു. ഗവർണർമാർ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കണം. ഗവർണർ പദവി തന്നെ പുനഃപരിശോധിക്കേണ്ടതാണ്. നിലവിൽ ബില്ലുകൾ പാസാക്കുന്ന പോലുള്ള ജോലികളാണ് ഗവർണർമാർ നിർവഹിക്കേണ്ടതെന്നും ഹിന്ദു ചൂണ്ടിക്കാട്ടി. ചില ഗവർണർമാർ കീഴ്വഴക്കങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് വിമർശിച്ചു.
വീണ്ടും പ്രകോപനം
ഗവർണർക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം തുടരുകയാണ്. വിദ്യാർഥികളടക്കം പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോയമ്പത്തൂരിൽ ഉൾപ്പെടെ ഗവർണറുടെ കോലം കത്തിച്ചു.
ഇതിനിടെ രാജ്ഭവനിൽ നടന്ന സെമിനാറിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള തർക്കങ്ങളിൽ കേന്ദ്രത്തിന് അനുകൂലമായേ നിലപാട് സ്വീകരിക്കാവൂവെന്ന് സിവിൽ സർവീസ് പരീക്ഷാ ജേതാക്കളെ ഗവർണർ ഉപദേശിച്ചതും വിവാദമായി. കേന്ദ്ര സർക്കാരിന് തമിഴിൽ ‘ഒൺട്രിയ അരസ്’ എന്ന് ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും യോഗത്തിൽ ഗവർണർ പറഞ്ഞു. പൊതുപരിപാടികളില്‍ തമിഴ്നാടിനെ “തമിഴകം’ എന്ന് വിശേഷിപ്പിക്കുന്നത് ഗവര്‍ണര്‍ തുടരുകയാണ്.