മംഗളൂരു
വിടപറഞ്ഞ സാഹിത്യകാരി സാറ അബൂബക്കറെ അപമാനിച്ച് കർണാടക ബിജെപി സർക്കാർ. കന്നഡ സാഹിത്യത്തെ ദേശീയതലത്തിൽ അടയാളപ്പെടുത്തിയ എഴുത്തുകാരിക്ക് മരണാനന്തര ആദരവൊന്നും സംസ്ഥാന സര്ക്കാര് നല്കിയില്ല. മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ അനുശോചനം രേഖപ്പെടുത്തിയില്ല.
ജില്ലാ ചുമതലയുള്ള മന്ത്രി സുനിൽ കുമാർ, സാറയുടെ മണ്ഡലത്തിലെ എംഎൽഎ വേദവ്യാസ കാമത്ത്, എംപിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ നളീൻകുമാർ കട്ടീൽ തുടങ്ങിയ ജനപ്രതിനിധികളെല്ലാം മംഗളൂരുവിൽത്തന്നെ ഉണ്ടായിരുന്നിട്ടും ആദാരാഞ്ജലി അർപ്പിക്കാനോ അനുശോചിക്കാനോ തയാറായില്ല.
കന്നട രാജ്യോത്സവ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ സാഹിത്യകാരിയെ സർക്കാർ അപമാനിച്ചത് ഖേദകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള പറഞ്ഞു. സർക്കാരിൽനിന്ന് നിർദേശം ലഭിച്ചില്ലെന്നും അതുകൊണ്ട് ഒന്നും ചെയ്തില്ലെന്നും ജില്ലാ ഡെപ്പ്യൂട്ടി കമീഷണർ എം ആർ രവികുമാർ ദേശാഭിമാനിയോട് പറഞ്ഞു.