ന്യൂഡൽഹി
യുപിയിലെ ലഖിംപുരിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം കയറ്റി കർഷകരെ കൊലപ്പെടുത്തിയ കേസിൽ വിചാരണ പൂർത്തീകരിക്കാൻ അഞ്ചുവർഷമെടുക്കുമെന്ന് യുപിയിലെ വിചാരണ കോടതി സുപ്രീംകോടതിയെ അറിയിച്ചു. 208 സാക്ഷികളും 171 രേഖയും 27 ഫോറൻസിക് റിപ്പോർട്ടുമുണ്ട്. ബുധനാഴ്ച ആശിഷ് മിശ്രയുടെ ജാമ്യ ഹർജി പരിഗണിക്കവെയാണ് വിചാരണ കോടതി സമർപ്പിച്ച റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ സുപ്രീംകോടതി വായിച്ചുകേൾപ്പിച്ചത്.
വിചാരണ വേഗത്തിൽ പൂർത്തീകരിക്കണമെന്നും തുടർച്ചയായി കേസ് കേൾക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നും കർഷക സംഘടനകൾക്കായി ഹാജരായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ഇതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ പ്രതിയായ കേസാണെന്നും സാക്ഷികളെ ക്രൂരമായി മർദിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. തുടർന്ന് സംഭവത്തിൽ പൊലീസ് എടുത്ത രണ്ടാമത്തെ കേസിന്റെ വിശദാംശംകൂടി സമർപ്പിക്കാൻ യുപി അഡീഷണൽ അഡ്വക്കറ്റ് ജനറലിനോട് ജസ്റ്റിസുമാരായ സൂര്യകാന്തും വി രാമസുബ്രഹ്മണ്യനും നിർദേശിച്ചു. ജാമ്യാപേക്ഷ 19ലേക്ക് മാറ്റി.