മനാമ> വിദേശികളെ വിവാഹം ചെയ്ത സൗദി വനിതകളുടെ മക്കൾക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി. 18 വയസ്സ് തികഞ്ഞവർക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശം നൽകി ഭരണാധികാരി സൽമാൻ രാജാവ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. സൗദി പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 8 ഭേദഗതി ചെയ്താണ് ഉത്തരവ്. സൗദിയിലെ വനിതകളുടെയും വിദേശികളായ പിതാവിന്റെയും മക്കൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി പൗരത്വത്തിന് അപേക്ഷിക്കാം. വ്യവസ്ഥകൾ പ്രകാരം കുട്ടികൾ രാജ്യത്ത് ജനിക്കുകയും അവിടെ സ്ഥിരമായി ജീവിക്കുകയും വേണം. അവർക്ക് അറബി സംസാരിക്കാനകണം. കൂടാതെ, നല്ല പെരുമാറ്റമുള്ളവരുമാകണം. അവർക്ക് 18 വയസ്സ് തികയുമ്പേൾ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് നിയമം വ്യക്തമാക്കുന്നു.
2018 മാർച്ചിലെ നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം ഏഴു ലക്ഷം സൗദി വനിതകൾ വിദേശികളെ വിവാഹം കഴിച്ചിട്ടുണ്ട്, ഇത് വിവാഹിതരായ സൗദി സ്ത്രീകളിൽ 10 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. വിദേശികളെ വിവാഹം കഴിച്ച സൗദി പുരുഷൻമാരുടെ എണ്ണം വ്യക്തമല്ല.
വിദേശികളെ വിവാഹം കഴിച്ച സൗദി സ്ത്രീകളുടെ മക്കൾക്ക് സൗദി പൗരത്വം നൽകണന്നെ ആവശ്യം ദീർഘകാലമായി ഉയരുന്നതാണ്. പൗരത്വമില്ലാത്തതിനാൽ ഇവർക്ക് വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ കഴിയുന്നില്ല. സൗദി പുരുഷൻമാരുടെ വിദേശ ഭാര്യമാരിലെ മക്കൾക്ക് പൗരത്വം നൽകുന്നുണ്ട്. സൗദി പിതാവ് വഴി സൗദി പൗരത്വം സ്വയമേവ കുട്ടികൾക്ക് കൈമാറുന്നുവെന്നാണ് സർക്കാർ കണക്കാക്കുന്നത്. എന്നാൽ, സൗദി വനിതകളുടെ വിദേശ ഭർത്താക്കൻമാരുടെ മക്കൾക്ക് പൗരത്വം നൽകുന്നില്ല. ഇത് വിവേചനമാണെന്ന് വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്നിരുന്നു.
സൗദി പൗരന്മാരുടെ വിദേശ അമ്മമാർക്ക് സ്പോൺസറുടെ ആവശ്യമില്ലാതെ രാജ്യത്ത് സ്ഥിരതാമസ പദവി നൽകാൻ 2013 ൽ മന്ത്രിതല കൗൺസിൽ തീരുമാനിച്ചിരുന്നു. വിദേശികളെ വിവാഹം കഴിച്ച സൗദി വനിതകൾ തങ്ങളുടെ കുട്ടികൾക്ക് സമാനമായ അവകാശം നൽകണമെന്ന് ആവശ്യപ്പെ ട്ടിരുന്നെങ്കിലും തീരുമാനമായില്ല.