ശബരിമല > പമ്പയിൽ 250 ബസുകൾ ഉൾപ്പെടെ മകരവിളക്കുദിവസത്തേക്ക് വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. നിലവിലുള്ള ബസുകൾക്കുപുറമെ ആയിരം ബസുകൾകൂടി അധികമെത്തിക്കും. ശനി രാവിലെ ബസുകളെത്തും. ത്രിവേണിയിൽനിന്നാരംഭിക്കുന്ന ചെയിൻ സർവീസ് ഹിൽടോപ്പുചുറ്റി നിലയ്ക്കൽ വരെയുണ്ടാകും. നാനൂറ് ബസ് ഇതിനായി ഉപയോഗിക്കും. നിലയ്ക്കലിൽ ആറാമത്തെ പാർക്കിങ് ഗ്രൗണ്ടിൽ നൂറ് ബസുകൾ ക്രമീകരിക്കും. ചെയിൻ സർവീസിന്റെ ആദ്യ റൗണ്ടിൽ നാനൂറ് ബസുകളുപയോഗിക്കും.
രണ്ടാം റൗണ്ട് മുതൽ തീർഥാടകരുടെ എണ്ണം കണക്കാക്കി ബസുകൾ ക്രമീകരിക്കും. ദീർഘദൂര സർവീസുകളും ആരംഭിക്കും. നിലയ്ക്കൽമുതൽ ഇലവുങ്കൽവരെയുള്ള ഭാഗത്ത് ദീർഘദൂര സർവീസുകൾക്കായി അമ്പത് ബസുകൾ സജ്ജമാക്കും. പമ്പയിൽനിന്ന് ദീർഘദൂര സർവീസ് ബസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഈ ബസുകൾ പമ്പയിലേക്കെത്തിക്കും. തുലാപ്പിള്ളി, ചെങ്ങന്നൂർ, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊൻകുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളിൽ ക്രമീകരിച്ച് നിർത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സർവീസ് ആരംഭിക്കും. ഗതാഗത കുരുക്ക് നിരീക്ഷിച്ച് തുടർനടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സംവിധാനമൊരുക്കി. ഇൻസ്പെക്ടർമാരും മെക്കാനിക്കുമാരും ഉൾപ്പെടെ ഇരുന്നൂറോളംപേരെ ഇതിനായി നിയോഗിക്കും. ഒരു മെക്കാനിക്കും ഡ്രൈവറും ഉൾപ്പെടുന്ന സംഘം ഇരുചക്രവാഹനത്തിലും നിരത്തിലുണ്ടാകും.