മൂന്നാർ> മഞ്ഞിൽ കുളിച്ച് മനോഹരിയായി മൂന്നാർ. പലയിടങ്ങളിലും അതികഠിന തണുപ്പാണ് അനുഭവപ്പെടുന്നത്. കണ്ണൻ ദേവൻ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ താപനില മൈനസ് രണ്ടിലെത്തി. ഡിവിഷന് സമീപം പുൽമേടുകളിൽ വെള്ളവിരിച്ച് മഞ്ഞുവീണു. മഞ്ഞും തണുപ്പും വിനോദസഞ്ചാരികളെ ആകർഷിക്കും.
സമീപ എസ്റ്റേറ്റുകളായ ചിറ്റവര, എല്ലപ്പെട്ടി എന്നിവടങ്ങളിൽ താപനില ഒരു ഡിഗ്രി സെൽഷ്യൽസാണ്. തേയിലച്ചെടികൾക്ക് മുകളിലും മഞ്ഞിന്റെ ആവരണമുണ്ട്. സഞ്ചാരികൾ കൂടുതലായി എത്തുന്ന മൂന്നാർ, രാജമല പ്രദേശങ്ങളിൽ കുറഞ്ഞ താപനില രണ്ട് രേഖപ്പെടുത്തി.
നവംബർ മുതൽ ഫെബ്രുവരി വരെയാണ് മൂന്നാറിൽ തണുപ്പേറുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ ചുരുക്കം ദിവസങ്ങളിൽ മാത്രമായിരുന്നു കഠിന തണുപ്പ്. പകൽ സമയത്ത് വെയിലിന് ചൂട് കൂടുന്നതനുസരിച്ച് താപനില വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.