ഉടുമ്പന്നൂർ
സ്വകാര്യ ബസ് കണ്ടക്ടർ റോഡരികിൽ മരിച്ചനിലയിൽ. മലയിഞ്ചി സ്വദേശി പുതുമനയിൽ റോബിൻജോയി(35)യുടെ മൃതദേഹമാണ് ഉടുമ്പന്നൂർ ഇടമറുക് മഞ്ചിക്കല്ല് റോഡിൽ പഴയ ചെരുപ്പുകമ്പനിക്കടുത്ത് വളവിലുള്ള കലുങ്കിന് സമീപം കണ്ടെത്തിയത്. സമീപത്ത് ഇയാളുടെ ബൈക്കും മറിഞ്ഞു കിടപ്പുണ്ടായിരുന്നു. നിലവിൽ അപകടത്തിൽ ഉണ്ടായേക്കാവുന്ന മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ റോബിന്റെ ശരീരത്ത് കണ്ടെത്തിയതെന്ന് കരിമണ്ണൂർ സിഐ പറഞ്ഞു. തിങ്കൾ രാത്രി 11ന് ശേഷമാണ് സംഭവം.
രാത്രിയായതിനാൽ ആരും അപകടം അറിഞ്ഞില്ല. രാവിലെ റബ്ബർ ടാപ്പിങ്ങിന് പോയവരാണ് വഴിയിൽ വീണ് കിടക്കുന്ന റോബിനെ കണ്ടത്.
തുടർന്ന് കരിമണ്ണൂർ പൊലീസിൽ വിവരം അറിയിച്ചു. സിഐ, എസ്ഐമാരായ ഹാഷിം, അബി, അജിംസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് പൂർത്തിയാക്കി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ മലയിഞ്ചി റൂട്ടിലോടുന്ന പാലാഴി ബസിലെ കണ്ടക്ടറാണ്. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടക്ടർമാരുടെ ബാഗും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ഭാര്യ: ഇടമറുക് വണ്ടപത്തിൽ ആതിര. മകൻ: ജോയൽ (നാലുവയസ്).