ന്യൂഡൽഹി
ആരാധനാലയങ്ങളുടെ സ്വഭാവത്തിൽ മാറ്റംവരുത്തുന്നത് തടഞ്ഞ 1991ലെ ആരാധനാലയനിയമം ചോദ്യംചെയ്തുള്ള പൊതുതാൽപ്പര്യ ഹർജികളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി ഫെബ്രുവരി അവസാനംവരെ സമയം നീട്ടിനൽകി. നാലാം തവണയാണ് സമയം നീട്ടിയത്. ബിജെപി നേതാവ് അശ്വനി ഉപാധ്യായ അടക്കമുള്ളവരാണ് ഹര്ജിക്കാര്.
സ്വാതന്ത്ര്യലബ്ധിക്കാലത്ത് ആരാധനാലയങ്ങൾ നിലനിന്ന സ്ഥിതിയിൽ തുടരാൻ വ്യവസ്ഥ ചെയ്താണ് 1991ൽ ഈ നിയമം കൊണ്ടുവന്നത്. ബാബ്റി കേസ് വിധിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ നിയമം അംഗീകരിച്ചിട്ടുണ്ടെന്നും ഹർജി നിലനിൽക്കില്ലെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിനുവേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.
കേന്ദ്രം എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. സമയപരിധി നിശ്ചയിച്ച് നൽകിയാൽ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തുടർന്നാണ് സമയം വീണ്ടും നീട്ടിയത്.