തിരുവനന്തപുരം
പുത്തരിക്കണ്ടത്തെ വിശാല മൈതാനം സൂചികുത്താനിടമില്ലാത്ത വിധം തിങ്ങിനിറഞ്ഞു. സമത്വപ്രഖ്യാപനത്തിന്റെ തൂവെള്ളക്കൊടി തലസ്ഥാന നഗരത്തെ വിഴുങ്ങി. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായുള്ള പോരാട്ടവിളംബരമായി സ്ത്രീലക്ഷങ്ങൾ തലസ്ഥാനം കൈയടക്കി. മുദ്രാവാക്യം വിളിച്ചു. ആടിപ്പാടി വരുംകാല പോരാട്ടത്തിന്റെ ഊടും പാവും നെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ 13–-ാം അഖിലേന്ത്യ സമ്മേളനത്തിന് മഹാസമ്മേളനത്തോടെ സമാപനം കുറിച്ചു. പൊതുസമ്മേളന വേദിയായ മല്ലു സ്വരാജ്യം (പുത്തരിക്കണ്ടം) നഗറിലേക്ക് തിങ്കളാഴ്ച ഉച്ചമുതൽ ജില്ലയിലുടെ എല്ലാ മേഖലയിൽനിന്നും സ്ത്രീകൾ എത്തി. വൈകിട്ട് നാലോടെ പൊതുസമ്മേളന നഗരി നിറഞ്ഞു. സമ്മേളന പ്രതിനിധികൾ അവരുടെ പരമ്പരാഗത വേഷത്തിലാണ് എത്തിയത്. ലക്ഷത്തിലേറെ സ്ത്രീപങ്കാളിത്തം ഉറപ്പാക്കിയ ചരിത്രത്തിലെ ആദ്യസമ്മേളനം എന്ന ഖ്യാതി ഇനി തലസ്ഥാനത്തിന് സ്വന്തം. 36 വർഷത്തിനുശേഷമാണ് മഹിളകളുടെ അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരത്ത് എത്തുന്നത്.
പ്രായഭേദമന്യേ ജനസാഗരം തീർത്ത മഹാസമ്മേളനം വീക്ഷിക്കാൻ നാടിന്റെ നാനാഭാഗത്തുനിന്ന് പുരോഗമന സമൂഹമൊന്നാകെ ഒഴുകി. സമാനതകളില്ലാത്ത ആവേശത്തിൽ അനന്തപുരി ആനന്ദപുരിയായി.
ചുക്കാൻപിടിച്ചത് വനിതകൾ
ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം അഖിലേന്ത്യ സമ്മേളനത്തിന്റെ പ്രചാരണത്തിനും ചുക്കാൻപിടിച്ചത് വനിതകൾ. സമ്മേളനം തത്സമയം ജനങ്ങളിലെത്തിച്ചതും സോഷ്യൽ മീഡിയ, വീഡിയോ, ഫോട്ടോ എന്നിവ കൈകാര്യം ചെയ്തതും മേഘ്ന രമേഷ്, വി അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ്. അസോസിയേഷൻ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി എൻ സുകന്യ, ജെ ജോസഫൈൻ, അഡ്വ. സബിദാ ബീഗം എന്നിവർക്കായിരുന്നു മീഡിയ കമ്മിറ്റിയുടെ നേതൃത്വം. വാർത്താകുറിപ്പുകൾ കൈകാര്യം ചെയ്തത് അനുപമ മോഹൻ.