ന്യൂഡൽഹി
വൺ റാങ്ക് വൺ പെൻഷൻ പദ്ധതിപ്രകാരം വിരമിച്ച സൈനികർക്ക് നൽകേണ്ട പെൻഷൻ കുടിശ്ശിക മാർച്ച് പതിനഞ്ചിനകം നൽകണമെന്ന് കേന്ദ്ര സർക്കാരിന് കർശന നിർദേശം നൽകി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരുടെ ബെഞ്ചാണ് നിർദേശം നൽകിയത്. കുടിശ്ശിക നൽകണമെന്ന സുപ്രീംകോടതിയുടെ 2017ലെ വിധി നടപ്പാക്കിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ആകെ 25 ലക്ഷം മുൻ സൈനികർക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്. ഇതിൽ നാലുലക്ഷംപേർ തുക ലഭിക്കാതെ മരണമടഞ്ഞെന്ന് അഹമ്മദി ചൂണ്ടിക്കാട്ടി. സെപ്തംബറിൽ മൂന്നുമാസംകൂടെ തുക നൽകാൻ കേന്ദ്ര സർക്കാരിന് കോടതി അധികമായി അനുവദിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. തുടർന്നാണ് ബെഞ്ചിന്റെ ഇടപെടൽ. മുൻ ഉത്തരവ് പാലിക്കാനും മാർച്ച് പതിനഞ്ചിനകം തുക നൽകാനും കർശനനിർദേശം നൽകിയ ചീഫ് ജസ്റ്റിസ് അറ്റോർണി ജനറൽ ആർ വെങ്കടരമണിയോട് ഇതുറപ്പാക്കാൻ മേൽനോട്ടംവഹിക്കണമെന്നും ആവശ്യപ്പെട്ടു. വൈകാതെ തുക നൽകാമെന്നും വ്യക്തിപരമായി മേൽനോട്ടം വഹിക്കാമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.