എം സി ജോസഫൈൻ നഗർ
(തിരുവനന്തപുരം )
സമത്വത്തിനായി ഐക്യപോരാട്ടത്തിനാഹ്വാനം ചെയ്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനം കൊടിയിറങ്ങി. അന്ധവിശ്വാസവും വർഗീയതയും മതതീവ്രവാദവും ഉയർത്തുന്ന വെല്ലുവിളി നേരിടാനും തുല്യതക്ക് വേണ്ടിയുള്ള സ്ത്രീ പോരാട്ടം ശക്തമാക്കാനും നാല് ദിവസങ്ങളിലായി നടന്ന സമ്മേളനം തീരുമാനിച്ചു. സംഘപരിവാറിന്റെ മനുവാദി അജൻഡകൾക്കെതിരെയും കോർപറേറ്റ്–- വർഗീയ കൂട്ടുകെട്ടിനെതിരെയും പ്രക്ഷോഭം ശക്തമാക്കും.
പെൺപോരാളികളുടെ സംഗമത്തിന് സമാപനംകുറിച്ച് മല്ലു സ്വരാജ്യം നഗറിൽ (പുത്തരിക്കണ്ടം മൈതാനി) നടന്ന മഹാസമ്മേളനത്തിൽ ലക്ഷം വനിതകൾ അണിനിരന്നു. ചെറുപ്രകടനങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ എത്തിയ മഹിളകൾ നഗരത്തിൽ മഹാസാഗരമായി.
രാജ്യത്തെ വനിതകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, ട്രഷറർ എസ് പുണ്യവതി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീസംരക്ഷണ നിയമങ്ങളിൽ കേന്ദ്രസർക്കാർ വെള്ളം ചേർക്കുകയാണ്. ഇത്തരം നിലപാടുകൾക്കും വർഗീയശക്തികൾക്കുമെതിരെ രാജ്യത്തെ സ്ത്രീകളെ ഒന്നിപ്പിക്കും. ജനാധിപത്യവും മതേതരത്വവും പുലരാത്ത രാജ്യത്ത് തുല്യതയുണ്ടാകില്ല. തുല്യതയ്ക്കും സമത്വത്തിനും ജനാധിപത്യ മതനിരപേക്ഷ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം തുടരും. സ്ത്രീയായതിനാൽ മാത്രം യാതനയും വേദനയും അനുഭവിക്കേണ്ടി വരുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്. ഭരിക്കുന്നവർതന്നെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തുമ്പോൾ വിവേചനത്തിനെതിരെ പോരാടുന്നവർക്ക് വിശ്രമിക്കാനാകില്ല. ഇന്നല്ലെങ്കിൽ നാളെ സമത്വം നേടിയെടുക്കും. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ചെറുപ്പക്കാർക്കും സംഘടനയിൽ പ്രാതിനിധ്യം ഉറപ്പാക്കിയതായും മഹിള നേതാക്കൾ പറഞ്ഞു. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി അധ്യക്ഷയായി.