ന്യൂഡൽഹി
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആളുകളുടെ ഭൂമിയും തൊഴിലും സംരക്ഷിക്കാനെന്ന പേരിൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതിയെ ജനങ്ങൾ തള്ളി. ലഡാക്കിലെ വിവിധ സാമൂഹിക–- രാഷ്ട്രീയ–- മത സംഘടനകൾ ഉൾപ്പെട്ട ലേ അപെക്സ് ബോഡിയും കാർഗിൽ ജനാധിപത്യ സഖ്യവുമാണ് ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയത്. സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ടുനീങ്ങാനും ഇരുസംഘടനകളും തീരുമാനിച്ചു.
സംസ്ഥാന പദവി പുനഃസ്ഥാപിക്കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവി അനുവദിക്കുക, ലഡാക്കിലെ യുവാക്കൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, ലേ, കാർഗിൽ എന്നിങ്ങനെ രണ്ട് ലോക്സഭാ മണ്ഡലങ്ങൾ രൂപീകരിക്കുക എന്നീ ആവശ്യങ്ങളാണ് ലേ അപെക്സ് ബോഡിയും കാർഗിൽ ജനാധിപത്യ സഖ്യവും മുന്നോട്ടുവയ്ക്കുന്നത്.
കേന്ദ്രം രൂപീകരിച്ച സമിതി ഈ വിഷയങ്ങളൊന്നും പരിഗണിക്കാത്തതിനാലാണ് സഹകരണം വേണ്ടെന്ന തീരുമാനം. സമിതി അംഗങ്ങളെ തീരുമാനിച്ചത് തങ്ങളുമായി കൂടിയാലോചിക്കാതെയാണെന്നും ഇരുസംഘടനകളും വിമർശിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണം എന്നതടക്കം പ്രധാന ആവശ്യങ്ങൾ ഉയർത്തി ഇരുസംഘടനകളും ജനുവരി 15 ന് ജമ്മുവിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് ഡൽഹി ജന്ദർമന്ദറിൽ ഫെബ്രുവരി അവസാനം ധർണയും സംഘടിപ്പിക്കും.