തിരുവനന്തപുരം> ജനാധിപത്യ മഹിളാ അസോസിയേഷൻ 13-ാം അഖിലേന്ത്യ സമ്മേളനത്തിന്റെ സമാപനത്തിന് ജില്ലയിൽനിന്ന് ഒരു ലക്ഷത്തിലേറെ വനിതകൾ പങ്കെടുക്കും. ഇത് തലസ്ഥാനത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തിൽ പുത്തൻ അധ്യായമാകും. തിങ്കൾ വൈകിട്ട് മല്ലു സ്വരാജ്യം നഗറിലാണ് (പുത്തരിക്കണ്ടം മൈതാനം) സമാപന സമ്മേളനം. വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളന നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ ബൃന്ദ കാരാട്ട്, സുഭാഷിണി അലി, പി കെ ശ്രീമതി, മറിയം ധാവ്ളെ, മാലിനി ഭട്ടാചാര്യ, കെ കെ ശൈലജ, സി എസ് സുജാത തുടങ്ങിയവർ പങ്കെടുക്കും. നഗരത്തിലെ പൊതുഗതാഗതത്തിന് തടസ്സമുണ്ടാകാതിരിക്കാൻ കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. 1986 ൽ അസോസിയേഷന്റെ രണ്ടാം അഖിലേന്ത്യ സമ്മേളനത്തിന് തിരുവനന്തപുരമായിരുന്നു വേദി. 36 വർഷത്തിനുശേഷമാണ് മറ്റൊരു സമ്മേളനത്തിനുകൂടി തലസ്ഥാനം ആതിഥ്യമരുളിയത്.
ജില്ലയിൽ അസോസിയേഷന്റെ 19 ഏരിയയിലെ 2757 യൂണിറ്റിൽനിന്നുള്ള മഹിളകൾ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തും.
വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും ഓരോ ഏരിയയിൽനിന്ന് എത്തുന്നവർ കേന്ദ്രീകരിക്കേണ്ടുന്ന സ്ഥലങ്ങൾ സംബന്ധിച്ചും പ്രവർത്തകരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. പൊതുസമ്മേളന നഗരിയിൽ ഒരുക്കം പൂർത്തിയായി. അസോസിയേഷന്റെ സംസ്ഥാന– അഖിലേന്ത്യ നേതാക്കൾ ഞായർ രാത്രി പൊതുസമ്മേളന നഗരിയിലെത്തി അവസാനവട്ട ഒരുക്കം വിലയിരുത്തി.