റിയാദ്> ഇ-ലേണിംഗ് ഗവേണൻസ് മേഖലയിലെ സൗദിയുടെ നേട്ടങ്ങൾക്ക് പ്രശംസയുമായി യുനെസ്കോ. യുനെസ്കോയുടെ ‘വിദ്യാഭ്യാസത്തിന്റെ നല്ല ഭാവി തിരിച്ചു പിടിക്കുന്നതിനുള്ള പഠനങ്ങൾ; മഹാമാരി ഘട്ടത്തിലെ വിദ്യാഭ്യാസ നവീകരണ പ്രവർദ്ധനങ്ങളിൽ നിന്നുള്ള പാഠങ്ങൾ’ എന്ന പേരിൽ ഇറക്കിയ പുസ്തകത്തിലാണ് സൗദിയെ കുറിച്ചുള്ള പ്രശംസ.
വിദ്യാഭ്യാസ, ഇ-പരിശീലന മേഖലകളിലെ ഭരണ നടപടിക്രമങ്ങളുടെ പിന്തുണയും വികസനവും വഴി നാഷണൽ സെന്റർ ഫോർ ഇ-ലേണിംഗ് ലോകത്ത് പിന്തുടരേണ്ട മാതൃകയാണെന്ന് യുനെസ്കോ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഓൺലൈൻ പഠന സംവിധാനങ്ങളിൽ സ്വീകരിച്ച നൂതന രീതികളെയും അതിന്റെ വിജയത്തെയും പുസ്തകം എടുത്തു പറയുന്നുണ്ട്. ഇ-ലേണിംഗിന്റെ ഭരണത്തിന് ഉപയോഗിക്കുന്ന സംവിധാനങ്ങളെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു.
വിദ്യാർഥികളുടെ പങ്കാളിത്തം, ഇ-ലേണിംഗ് സംസ്കാരം പ്രചരിപ്പിക്കുന്നതിൽ കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണ തുടങ്ങിയവയാണ് പ്രത്യേക പരാമർശ മേഖലകൾ. കോവിഡ് സമയത്ത് വിദൂരവിദ്യാഭ്യാസ രംഗത്ത് രാജ്യം നടത്തിയ മികച്ച പ്രവർത്തനങ്ങളെ നിരവധി രാജ്യാന്തര ഏജൻസികളും വിദ്യാഭ്യാസ സംഘടനകളും പ്രശംസിച്ചു എന്നതും ശ്രദ്ധേയമാണ്.
പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിൽ, യുനെസ്കോ നിരവധി അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ നാഷണൽ സെന്റർ ഫോർ ഇ-ലേണിംഗ് തയ്യാറാക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്ത മികവിന്റെ മാനദണ്ഡങ്ങളെ കുറിച്ച് പറയുന്നു. ഇ-ലേണിംഗ് മേഖലയിലെ മോഡലുകളിൽ സൗദി മികച്ച 4 അന്താരാഷ്ട്ര രാജ്യങ്ങളിൽ ഒന്നാമതാണ്.