തിരുവനന്തപുരം> യുവ സംവിധായികയായിരുന്ന നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഡിജിപി എം ആർ അജിത് കുമാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊലപാതകമെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.
യുവ സംവിധായിക നയന സൂര്യയുടെ മരണത്തിൽ ദുരൂഹതയുള്ളതായി സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. നയനയുടെ കഴുത്തിലെ ക്ഷതമാകാം മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഭാഗം പൊലീസ് റിപ്പോർട്ടിൽ ഇല്ലെന്നതാണ് ദുരൂഹതയായി പറയുന്നത്. നയനയുടെ അടിവയറ്റിൽ മർദനമേറ്റിരുന്നതായുള്ള ഭാഗവും കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ടെന്നതും ഗൗരവമായി പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്.
2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആൽത്തറയിലെ വാടകവീട്ടിൽ നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തു. മൃതദേഹപരിശോധനയിൽ നയനയുടെ കഴുത്തിലുണ്ടായിരുന്ന 31.5 സെന്റീമീറ്റർ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. ആന്തരികക്ഷതമേറ്റാണ് പാൻക്രിയാസ്, വൃക്ക എന്നീ അവയവങ്ങളിൽ രക്തസ്രാവം ഉണ്ടായത്. പ്ലീഹ ചുരുങ്ങി പൊട്ടിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന നയന ആത്മഹത്യ ചെയ്തതാകാം എന്നായിരുന്നു പൊലീസ് നിഗമനം. പ്രമേഹരോഗിയായ നയനയുടെ ഷുഗർ താഴ്ന്ന് മുറിക്കുള്ളിൽ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിച്ചതാകാമെന്നും അനുമാനിച്ചിരുന്നു.