ന്യൂഡൽഹി
ഛത്തീസ്ഗഢിലെ നാരായൺപുർ നഗരത്തിലെ കത്തോലിക്കാ പള്ളി തകർത്ത കേസിൽ ബിജെപി ജില്ലാ പ്രസിഡന്റ് രൂപ് സായ് സലാം അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലധാക്ഷ്യ രൂപ്സയെ, അങ്കിത് നന്ദി, അതുൽനേതം, ഡോമൻഡ് യാദവ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
മതസ്പർധയുണ്ടാക്കുക, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള് ചുമത്തി. സലാം ബിജെപി എസ്ടി സെൽ നേതാവും ന്യൂനപക്ഷ കമീഷൻ മുൻ അംഗവുമാണ്.
ജില്ലാഭരണകേന്ദ്രത്തിന് മീറ്ററുകൾ അകലെ മാത്രമുള്ള വിശ്വദീപ്തി ഹൈസ്കൂൾ പരിസരത്തെ കത്തോലിക്കാ പള്ളിയാണ് തിങ്കളാഴ്ച തകർത്തത്. തിരുരൂപങ്ങളടക്കം അടിച്ചുതകർത്തു. സലാമിനു പുറമെ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് നാരായണ മർകത്തിനും കലാപങ്ങളിൽ പങ്കുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. അക്രമം തടയുന്നതിനിടെ എസ്പിക്ക് പരിക്കേറ്റതോടെയാണ് ക്രൈസ്തവിരുദ്ധ കലാപങ്ങളിൽ ആദ്യമായി നടപടി സ്വീകരിച്ചത്.
ബിജെപി–- ആർഎസ്എസ് സംഘടനകൾ ജില്ലയിൽ നടത്തുന്ന മതപരിവർത്തന വിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ളവരാണ് സലാമും നാരായണ കർമത്തും. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാരായൺപുരിൽ ബിജെപി തോറ്റതുമുതലാണ് മതപരിവർത്തനം ഉന്നയിച്ച് അക്രമങ്ങൾ സംഘടിപ്പിച്ചത്. ഒക്ടോബർ അവസാനംമുതൽ ആരംഭിച്ച ക്രൈസ്തവവേട്ടമൂലം പലായനം ചെയ്ത ആയിരങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ തുടരുകയാണ്. ഡിസംബർ ഒമ്പതുമുതൽ 18 വരെമാത്രം എഴുപതോളം അക്രമങ്ങളാണ് ഇരുജില്ലയിലെയും 33 ഗ്രാമത്തിൽ അരങ്ങേറിയത്.