ഡെറാഡൂൺ
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കുട്ടികളും സ്ത്രീകളുമടക്കം അരലക്ഷത്തോളം പേർ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ. ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപം രണ്ട് കിലോമീറ്റർ മേഖല ഒഴിപ്പിക്കാൻ കഴിഞ്ഞ ദിവസം ബിജെപി സർക്കാർ നോട്ടീസ് നൽകി. ഒമ്പതിനകം ഒഴിയണമെന്നാണ് നോട്ടീസ്. മുസ്ലിങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശമാണിത്.
29 ഏക്കർ റെയിൽവേ ഭൂമി ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് നടപടി. 4000 വീട്, നാല് സർക്കാർ സ്കൂൾ, 11 സ്വകാര്യ സ്കൂൾ, 10 മസ്ജിദ്, നാല് അമ്പലം, കടകൾ തുടങ്ങിയവയാണ് റെയിൽവേ സ്വന്തമെന്ന് അവകാശപ്പെടുന്ന ഭൂമിയിലുള്ളത്. സ്കൂളടക്കം ഒഴിപ്പിക്കുമ്പോൾ രണ്ടായിരത്തോളം വിദ്യാർഥികളും വഴിയാധാരമാകും.
സർക്കാർ നടപടിക്കെതിരെ പ്രദേശത്ത് വൻ പ്രതിഷേധമുയര്ന്നു. സർക്കാർ സ്കൂളടക്കം പണിതപ്പോൾ അധികൃതർ എവിടെയായിരുന്നെന്നാണ് നാട്ടുകാരുടെ ചോദ്യം. പകുതിയോളം കുടുംബങ്ങളുടെ ഭൂമിക്ക് രേഖയുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും.