ന്യൂഡൽഹി
വൈദ്യുതി നിരക്ക് മാസംതോറും കൂട്ടാന് വിതരണ കമ്പനികൾക്ക് അനുമതി നൽകിയ കേന്ദ്ര വിജ്ഞാപനം ഊർജ വിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള മുന്നൊരുക്കം. ടെലികോം മേഖലയ്ക്ക് സമാനമായി വൈദ്യുതി വിതരണ മേഖലയും വൻകിട കുത്തകകൾക്ക് തീറെഴുതാൻ ലക്ഷ്യമിടുന്ന വൈദ്യുതി ഭേദഗതിബിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. നടപ്പുവർഷം തന്നെ ബില് നിയമമാക്കാനാണ് നീക്കം.
കേരളം അടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണം പൊതുമേഖലാ നിയന്ത്രണത്തിലാണ്. ഗുജറാത്ത്, ഒഡിഷ, ഡൽഹി തുടങ്ങി ചുരുക്കം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വിതരണം സ്വകാര്യവൽക്കരിച്ചത്. ബില് നിയമമാകുന്നതിന് മുമ്പായി വിതരണ മേഖല ആകർഷകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാസംതോറും നിരക്ക് വർധനവിന് അനുമതി നൽകിയത്.ഒരേമേഖലയിൽ ഒന്നിലേറെ വൈദ്യുതി വിതരണ ലൈസൻസുകൾ അനുവദിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. നിലവിലെ വൈദ്യുതി വിതരണ ശ്രൃംഖല (പോസ്റ്റുകളും ലൈനുകളും മറ്റും) പുതിയ ലൈസൻസികൾക്ക് ഉപയോഗിക്കാം. അംബാനി, അദാനി, ടാറ്റ എന്നീ കുത്തകകൾ വൈദ്യുതി വിതരണരംഗത്തുണ്ട്.
ഒന്നിൽക്കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ലൈസൻസ് അനുവദിക്കുന്നത് കേന്ദ്രമായതിനാൽ സംസ്ഥാനങ്ങൾക്ക് ഇടപെടാനാകില്ല. ടെലികോം മേഖലയ്ക്ക് സമാനമായി വൈദ്യുതി വിതരണത്തിലും പൊതുമേഖലയുടെ തകർച്ചയ്ക്ക് ഇതുവഴിയൊരുക്കും.