തിരുവനന്തപുരം
എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനവും പൂർത്തിയാക്കാൻ പ്രവർത്തിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇക്കാര്യത്തിൽ ചുമതല വഹിച്ചിരുന്ന വകുപ്പുകളിൽ നല്ല പ്രവർത്തന പുരോഗതിയുണ്ട്. അതേ വകുപ്പുതന്നെ ലഭിച്ചാൽ 100 ശതമാനമാക്കാൻ പ്രയത്നിക്കുമെന്നും ചുമതലയേറ്റശേഷം മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
തീരദേശമേഖലയിലെ പ്രശ്നത്തിന് പരസ്പര സംവാദത്തിലൂടെ ശാശ്വത പരിഹാരത്തിനുള്ള വഴിതുറക്കും. മത്സ്യത്തൊഴിലാളികൾ സർക്കാരിൽ അർപ്പിച്ചുള്ള എല്ലാ പ്രതീക്ഷയും അർഥവത്താക്കും. പുനർഗേഹം അടക്കമുള്ളവ പൂർത്തിയാക്കും. മത്സ്യത്തൊഴിലാളി ക്ഷേമം, അവരുടെ സാമ്പത്തിക മുന്നേറ്റം തുടങ്ങിയവയിൽ കൂടിയാലോചിച്ച് നടപടിയെടുക്കും. സംസ്കാരികവകുപ്പിന്റെ പ്രവർത്തനം ശാക്തീകരിക്കും. നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ചയായി സാംസ്കാരിക, സാഹിത്യ, കലാ മേഖലയുടെ യോജിച്ച പ്രവർത്തനശൈലി രൂപപ്പെടുത്തും.
യുവജനകാര്യവകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കും. ഗവർണറും സർക്കാരും ഒന്നാണ്. സർക്കാർ പ്രവർത്തനങ്ങളിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളുമുണ്ടായാൽ ചർച്ചചെയ്ത് പരിഹരിക്കുന്നതാണ് സർക്കാർ നിലപാട്. പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്റെ എല്ലാ സഹായവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.