തൃശൂർ
കിഴക്കിന്റെ സഭയെന്ന് അറിയപ്പെടുന്ന കൽദായ സുറിയാനി സഭയുടെ മേലധ്യക്ഷൻ മാറൻ മാർ ആവ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസിന് മലയാള മണ്ണിലേക്ക് ഉജ്വല വരവേൽപ്പ്. ഇന്ത്യൻ കൽദായ സഭയ്ക്ക് പുതിയ മേലധ്യക്ഷനെ അവരോധിക്കാൻ പത്തു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനെത്തിയ പാത്രിയാർക്കീസിനെ സഭയുടെ തൃശൂരിലെ ആസ്ഥാനത്തേക്ക് ആനയിച്ചു. സഭയുടെ മേലധ്യക്ഷനായശേഷം ആദ്യമായാണ് പാത്രിയാർക്കീസ് ഇന്ത്യ സന്ദർശിക്കുന്നത്.
ബുധൻ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ പാത്രിയാർക്കീസ് അടങ്ങുന്ന മെത്രാപോലീത്തമാരുടെ സംഘത്തെ നിയുക്ത ഇന്ത്യൻ മെത്രാപോലീത്ത മാർ ഔഗിൻ കുരിയാക്കോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സഭയുടെ വിവിധ രൂപതകളിലെ അധ്യക്ഷരായ സിറിയയിലെ മാർ അപ്രേം അഥ്നിയേൽ മെത്രാപോലീത്ത, മാർ ഇമ്മാനുവേൽ യോസേഫ് (കാനഡ), ബിഷപ് മാർ പൗലോസ് ബെഞ്ചമിൻ (ഈസ്റ്റേൺ യുഎസ്), ബിഷപ് മാർ ബെന്യാമിൻ ഏല്യ (വിക്ടോറിയ ആൻഡ് ന്യൂസിലാൻഡ്) എന്നിവരെയാണ് പാത്രിയാർക്കീസിനൊപ്പം കേരളത്തിലേക്ക് വരവേറ്റത്. തുടർന്ന് വൻ ജനാവലിയുടെ അകമ്പടിയോടെ തൃശൂർ മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിലേക്ക് ആനയിച്ചു.
പരമ്പരാഗത രീതിയിൽ മാർ അപ്രേം മെത്രാപോലീത്തയും മാർ യോഹന്നാൻ യോസേഫും മാർത്ത് മറിയം വലിയ പള്ളി വികാരി ഫാ. സിറിൾ ആന്റണിയും ചേർന്ന് മെത്രാപോലീത്തമാരെ വരവേറ്റു. തുടർന്ന് ദൈവാലയ പ്രവേശന പ്രാർഥന നടത്തി വിശ്വാസികളെ ആശീർവദിച്ചു.
ഇന്ത്യയിലേക്ക് ക്രൈസ്തവ സന്ദേശം എത്തിച്ച് രക്തസാക്ഷിത്വം വരിച്ച മാർ തോമ ശ്ലീഹായുടെ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ ആർച്ച് ഡയോസിസ് ലോകത്തേതന്നെ മറ്റു രൂപതകൾക്ക് മാതൃകയാണെന്ന് മാർ ആവ തൃതീയൻ വിശ്വാസികൾക്കായുള്ള പ്രഥമ സന്ദേശത്തിൽ പറഞ്ഞു. ഞായർ രാവിലെ 7.30ന് വലിയപള്ളിയിലാണ് മാർ ഔഗിൻ കുരിയാക്കോസിന്റെ പട്ടാഭിഷേകച്ചടങ്ങ്. വൈകിട്ട് 5.30ന് പാത്രിയാർക്കീസിന് പൗരസ്വീകരണം നൽകും.