കോഴിക്കോട്
സന്തോഷ് ട്രോഫി ഫുട്ബോൾ ഗ്രൂപ്പ് മത്സരത്തിൽ നാലാംവിജയം ലക്ഷ്യമിട്ട് കേരളം ഇന്ന് ഇറങ്ങും. ജമ്മു കശ്മീരാണ് എതിരാളി. പകൽ 3.30ന് കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ മൂന്ന് കളി ജയിച്ച കേരളത്തിന് ഒമ്പത് പോയിന്റുണ്ട്. മിസോറം എതിരില്ലാത്ത നാല് ഗോളിന് രാജസ്ഥാനെ തോൽപ്പിച്ച് 12 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതായി. ബിഹാറും ആന്ധ്രപ്രദേശും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
ഒന്നാംസ്ഥാനത്തുള്ള മിസോറം നാല് കളിയിൽ 13 ഗോളടിച്ചപ്പോൾ മൂന്നെണ്ണം തിരിച്ചുവാങ്ങി. കേരളം മൂന്ന് കളിയിൽ നേടിയത് 16 ഗോൾ. വലയിൽ വീണത് ഒറ്റ ഗോൾ. കേരളം ഇന്ന് ജയിച്ചാൽ ഞായറാഴ്ചത്തെ കളി നിർണായകമാകും. മിസോറം–-കേരളം മത്സര വിജയികൾ ഗ്രൂപ്പ് ജേതാക്കളായി ഫൈനൽ റൗണ്ടിലേക്ക് മുന്നേറും. 36 ടീമുകളെ ആറ് ഗ്രൂപ്പായി തിരിച്ചായിരുന്നു ഇത്തവണ പ്രാഥമിക റൗണ്ട്. ഗ്രൂപ്പ് ചാമ്പ്യൻമാരും മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാരും ഫൈനൽ റൗണ്ടിലേക്ക് മുന്നേറും. ആതിഥേയരെ കൂടാതെ സർവീസസും റെയിൽവേസും നേരിട്ട് യോഗ്യത നേടും.
പോയിന്റ് പട്ടിക
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)
മിസോറം 4 4 0 0 12
കേരളം 3 3 0 0 9
കശ്മീർ 3 1 1 1 4
രാജസ്ഥാൻ 4 1 1 2 4
ബിഹാർ 4 0 1 3 1
ആന്ധ്ര 4 0 1 3 1















