പുണെ
ഇന്ത്യൻ ക്രിക്കറ്റിലെ യുവനിര പരമ്പര ലക്ഷ്യമിട്ട് ഇന്ന് ഇറങ്ങും. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരം രാത്രി ഏഴിന് പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ്. ആദ്യകളി ഇന്ത്യ രണ്ട് റണ്ണിന് ജയിച്ചിരുന്നു. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായ ടീം ചെറുപ്പക്കാരുടെ സംഘമാണ്. യുവ പേസർമാരാണ് ആദ്യകളിയിൽ തിളങ്ങിയത്. നാല് വിക്കറ്റെടുത്ത് ശിവം മാവി അരങ്ങേറ്റം ഗംഭീരമാക്കി. വേഗക്കാരായ ഉമ്രാൻ മാലിക്കിനും ഹർഷൽ പട്ടേലിനും രണ്ട് വിക്കറ്റുവീതമുണ്ട്. അവസാന ഓവറിൽ ലങ്കയ്ക്ക് ജയിക്കാനാവശ്യമായ 13 റൺ വിട്ടുകൊടുക്കാതെ സ്പിന്നർ അക്സർ പട്ടേൽ കളി പിടിച്ചു.
ബാറ്റിങ്ങിൽ പ്രതീക്ഷിച്ചവരൊന്നും തിളങ്ങിയില്ല. സൂര്യകുമാർ യാദവും സഞ്ജു സാംസണും മങ്ങി. ആറ് പന്തിൽ അഞ്ച് റണ്ണെടുത്ത സഞ്ജു മികവുകാട്ടാനുള്ള സുവർണാവസരമാണ് നഷ്ടപ്പെടുത്തിയത്. ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയ സഞ്ജു രണ്ടെണ്ണം കൈപ്പിടിയിലൊതുക്കി. ആദ്യ മത്സരത്തിനിറങ്ങിയ ശുഭ്മാൻ ഗില്ലും നിരാശപ്പെടുത്തി. കളിയിലെ താരമായ ദീപക് ഹൂഡയും (23 പന്തിൽ 41) ഓപ്പണർ ഇഷാൻ കിഷനുമാണ് (29 പന്തിൽ 37) പൊരുതാനുള്ള സ്കോർ ഒരുക്കിയത്. 27 പന്തിൽ 29 റണ്ണുമായി പാണ്ഡ്യയും സ്കോർ ഉയർത്തി.
ഏഷ്യാകപ്പ് ജേതാക്കളായ ലങ്ക അവസാന നിമിഷമാണ് ജയം കൈവിട്ടത്. ക്യാപ്റ്റൻ ദാസുൺ ഷനക മികച്ച ഫോമിലായിരുന്നു. 27 പന്തിൽ 45 റൺ നേടിയ ഷനക കളി ജയിപ്പിക്കുമെന്ന് കരുതവെയാണ് പുറത്തായത്. ഒടുവിൽ ചാമിക കരുണരത്നെക്കും കാലിടറി. രണ്ട് സിക്സറടക്കം 16 പന്തിൽ 23 റണ്ണെടുത്ത ഓൾറൗണ്ടർ പുറത്താകാതെനിന്നു. അവസാന പന്തിൽ ആവശ്യമായ നാല് റൺ നേടാനായില്ല.