പാരിസ്
ലോകചാമ്പ്യൻ ലയണൽ മെസിക്ക് ഊഷ്മള വരവേൽപ്പൊരുക്കി പിഎസ്ജി. അർജന്റീനയുടെ ലോകകപ്പ് വിജയത്തിനുശേഷം ആദ്യമായാണ് മെസി സ്വന്തം ക്ലബ്ബായ പിഎസ്ജിയിൽ എത്തിയത്.
പാരിസിൽ പരിശീലനത്തിനിറങ്ങിയ അർജന്റീന ക്യാപ്റ്റന് കളിക്കാരും പരിശീലകരും മൈതാനത്ത് ആദരമർപ്പിച്ചു. ഉപഹാരവും സമ്മാനിച്ചു. നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം സന്നിഹിതരായിരുന്നു.
ഫ്രാൻസിനെ വീഴ്ത്തിയാണ് അർജന്റീന മൂന്നാം ലോകകിരീടം നേടിയത്. പിന്നീടുള്ള രണ്ടാഴ്ച മെസി ആഘോഷത്തിലും വിശ്രമത്തിലുമായിരുന്നു. മുന്നേറ്റക്കാരനില്ലാതെ ഫ്രഞ്ച് ലീഗിൽ രണ്ട് മത്സരങ്ങളിൽ പിഎസ്ജി കളിച്ചു. സീസണിൽ ഏഴ് ഗോളും 10 ഗോളവസരങ്ങളും ഒരുക്കി മികച്ച ഫോമിലാണ് മുപ്പത്തഞ്ചുകാരൻ.















