തിരുവനന്തപുരം
സ്ത്രീവിമോചന പോരാട്ടത്തിനായി വിപ്ലവകാരികളുടെ സംഗമവുമായി അഖിലേന്ത്യ സമ്മേളനത്തിന്റെ വരവറിയിച്ച് തലസ്ഥാനം. വെള്ളയുടുപ്പും ചുവന്ന ദുപ്പട്ടയുമണിഞ്ഞ്, ശുഭ്ര പതാകൾ കൈയിലേന്തി ശ്വേത, രക്തവർണ ബലൂണുകൾ വാനിൽപ്പറത്തി തലസ്ഥാന നഗരിയിൽ വനിതകൾ നടത്തിയ വിളംബരജാഥ അത്യുജ്വലമായി. വിപ്ലവ ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും കോർത്തിണക്കിയ ചുവടുമായി ഫ്ലാഷ് മോബും സ്ത്രീകൾ തന്നെ നയിച്ച ചെണ്ടമേളവും ജാഥയെ ശ്രദ്ധാകേന്ദ്രമാക്കി.
വെള്ളിയാഴ്ച ആരംഭിക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനം തലസ്ഥാനത്തെ ജനമനസ്സുകളെ കീഴടക്കിക്കഴിഞ്ഞു.
36 വർഷത്തിനുശേഷം സമ്മേളനം കേരളത്തിലെത്തുമ്പോൾ മുഴുവൻ ഊർജത്തോടെ പ്രവർത്തകരും ആവേശത്തിലാണ്. “ദൃശ്യഭൂമിക’ ചരിത്രപ്രദർശനം നടക്കുന്ന അയ്യൻകാളി ഹാളിൽനിന്ന് ആരംഭിച്ച വിളംബരജാഥയിൽ ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്നു. വൈകിട്ട് നാലിന് ആരംഭിച്ച ജാഥ ആയുർവേദ കോളേജിന്റെ എതിർവശത്തെ സ്വാഗതസംഘം ഓഫീസിലാണ് അവസാനിച്ചത്. ബാലസംഘം വെഞ്ഞാറമൂട് ഏരിയയിൽനിന്നുള്ള എട്ട് വിദ്യർഥിനികളാണ് ഫ്ലാഷ് മോബിൽ പങ്കെടുത്തത്.
അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, വൈസ് പ്രസിഡന്റുമാരായ സുഭാഷിണി അലി, പി കെ ശ്രീമതി, ട്രഷറർ എസ് പുണ്യവതി, സംസ്ഥാന പ്രസിഡന്റ് സൂസൻകോടി, സെക്രട്ടറി സി എസ് സുജാത, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, ടി എൻ സീമ, എം ജി മീനാംബിക, പി സതീദേവി, സർബാനി സർക്കാർ, അസി. സെക്രട്ടറി എൻ സുകന്യ, മന്ത്രി ആർ ബിന്ദു, സംസ്ഥാന ജോ. സെക്രട്ടറി എസ് പുഷ്പലത, ജില്ലാ പ്രസിഡന്റ് ശകുന്തളകുമാരി, സെക്രട്ടറി ശ്രീജ ഷൈജുദേവ്, ട്രഷറർ ജയശ്രീ ഗോപി തുടങ്ങിയ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്തു.