ലണ്ടൻ
മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും പ്രതീക്ഷ നൽകുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തുടർച്ചയായ നാലാംജയം കുറിച്ച് മുന്നേറി. ബേണിമൗത്തിനെ തകർത്തത് മൂന്ന് ഗോളിന്. 17 കളിയിൽ 35 പോയിന്റുമായി നാലാംസ്ഥാനത്താണ് എറിക് ടെൻ ഹാഗും കൂട്ടരും. മൂന്നാമതുള്ള ന്യൂകാസിലിനും ഇതേ പോയിന്റാണ്. ഗോൾവ്യത്യാസത്തിലാണ് പിന്നിലായത്. ന്യൂകാസിലിനെക്കാൾ ഒരു കളി കുറവാണ് യുണൈറ്റഡിന്. ഒന്നാമതുള്ള അഴ്സണലിനെ ന്യൂകാസിൽ ഗോളടിക്കാതെ തളച്ചു. 17 കളിയിൽ 44 പോയിന്റാണ് പീരങ്കിപ്പടയ്ക്ക്. ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 16 കളിയിൽ 36 പോയിന്റുമായി രണ്ടാമതുണ്ട്.
ബേണിമൗത്തിനെതിരെ സ്വന്തംതട്ടകത്തിൽ കാസെമിറോയും ലൂക്ക് ഷായും മാർകസ് റാഷ്ഫഡുമാണ് യുണൈറ്റഡിനായി ഗോളടിച്ചത്. ഈ സീസണിൽ ചുമതലയേറ്റ എറിക് ടെൻ ഹാഗിനുകീഴിൽ അച്ചടക്കമുള്ള കളിയാണ് പുറത്തെടുക്കുന്നത്. ഇത്തവണ ആദ്യ നാലിൽ ഉൾപ്പെട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. 2013നുശേഷം പ്രീമിയർ ലീഗ് കിരീടവും സ്വപ്നത്തിലുണ്ട്. പുതുതായി എത്തിച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരായ കാസെമിറോയും ക്രിസ്റ്റ്യൻ എറിക്സണുമാണ് യുണൈറ്റഡിന്റെ കളി നിയന്ത്രിക്കുന്നത്. മധ്യനിരക്കാരൻ ബ്രൂണോ ഫെർണാണ്ടസും മികവിലാണ്. മുന്നേറ്റത്തിൽ റഷ്ഫഡ് സ്ഥിരത കാട്ടുന്നതും കരുത്തായി. ചിരവൈരികളായ സിറ്റിയുമായാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. പിന്നാലെ അഴ്സണലുമായും കളിക്കും.
ജയം പിടിച്ച് ഒന്നാംസ്ഥാനത്ത് 10 പോയിന്റ് ലീഡാക്കാമെന്ന അഴ്സണലിന്റെ മോഹം ന്യൂകാസിൽ കെടുത്തി. പ്രതിരോധത്തിലൂന്നിയ കളിയിൽ മൈക്കേൽ അർടേറ്റയെയും സംഘത്തെയും അവർ ചെറുത്തു. ലക്ഷ്യത്തിലേക്ക് ഇരുപത്തൊന്നുവട്ടം പന്തയച്ചിട്ടും അഴ്സണലിന് നിരാശയായിരുന്നു. കഴിഞ്ഞ മാർച്ചിനുശേഷം ആദ്യമായാണ് അവർ സ്വന്തംതട്ടകത്തിൽ ഗോൾ നേടാതെ അവസാനിപ്പിക്കുന്നത്.
മറ്റ് മത്സരങ്ങളിൽ എവർട്ടണെ ബ്രൈറ്റൺ 4–-1ന് മുക്കി. ഫുൾഹാം ലെസ്റ്റർ സിറ്റിയെ ഒരു ഗോളിനും മറികടന്നു.















