തിരുവനന്തപുരം
ബാറ്റിലും പന്തിലും കേരളം മങ്ങിയപ്പോൾ ഗോവയ്ക്ക് പുതുജീവൻ. രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 265 റണ്ണിന് അവസാനിച്ചു. രണ്ടാംദിവസം കളി നിർത്തുമ്പോൾ ഗോവ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റണ്ണെടുത്തു. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഗോവ ലീഡ് നേടുമോയെന്നാണ് ഇന്നത്തെ ആകാംക്ഷ.
അഞ്ച് വിക്കറ്റ് ന്ഷടത്തിൽ 247 റണ്ണുമായി രണ്ടാംദിവസം തുടങ്ങിയ കേരളത്തിന് നേടാനായത് 18 റൺ. 112 റണ്ണുമായി ക്രീസിലുണ്ടായിരുന്ന രോഹൻപ്രേം ആദ്യ പന്തിൽ പുറത്തായി. ക്യാപ്റ്റൻ സിജോമോൻ ജോസഫിനും (7) ജലജ് സക്സേനയ്ക്കും (12) സ്കോർ ഉയർത്താനായില്ല. സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ഗോവയ്ക്കായി രണ്ട് വിക്കറ്റെടുത്തു. സിജോമോന്റെയും ബേസിൽ തമ്പിയുടെയും (1) വിക്കറ്റാണ് കിട്ടിയത്. ഗോവയ്ക്കായി ലക്ഷയ് ഗാർഗ് നാല് വിക്കറ്റ് സ്വന്തമാക്കി.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 87 റണ്ണുമായി പതറിയ ഗോവയെ രക്ഷിച്ചത് ഓപ്പണർ ഇഷാൻ ഗഡേക്കറും ക്യാപ്റ്റൻ ദർശൻ മിസലുമാണ്. ഇരുവരും ക്രീസിലുണ്ട്. ഇഷാൻ 154 പന്തിൽ 76 റൺ നേടി. ദർശൻ 37 റണ്ണുമായി കൂട്ടിനുണ്ട്. കേരളത്തിനായി സിജോമോൻ മൂന്ന് വിക്കറ്റ് നേടി. വൈശാഖ് ചന്ദ്രനും ജലജിനും ഓരോ വിക്കറ്റുണ്ട്.