തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ഇതടക്കം ഫെഡറൽ തത്വത്തിന് നിരക്കാത്ത കേന്ദ്ര നടപടി നിവേദനത്തിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതു കണക്കിൽ നീക്കിയിരിപ്പായി വരുന്ന തുക നേരത്തേ പൊതുകടത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. 2017 മുതൽ ഇത് കൊണ്ടുവന്നു. അതുവഴി സംസ്ഥാന പൊതുമേഖലാ കമ്പനി-, കോർപറേഷൻ, പ്രത്യക ഉദ്ദേശ്യ സ്ഥാപനം എന്നിവയുടെ വായ്പ പൊതുകടത്തിൽ ഉൾപ്പെട്ടു. ഫലത്തിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്നാണ് ഈ തുക വെട്ടിക്കുറയ്ക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരന്റിയിൽ എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയല്ല. ആകസ്മിക ബാധ്യതയായേ കണക്കാക്കാനാകൂ. എന്നാൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയ്ക്ക് ഇത് ബാധകമല്ല. ഈ നടപടി സംസ്ഥാന വികസനം തടസ്സപ്പെടുത്തുന്നതാണ്.
2020–-21ൽ അഞ്ച് ശതമാനമായിരുന്ന കടമെടുപ്പ് വായ്പാ പരിധി ഇപ്പോൾ 3.5 ആക്കി. അടുത്തവർഷം വീണ്ടും കുറയ്ക്കുമെന്നാണ് ഭീഷണി. 7,000 കോടി രൂപയുടെ റവന്യൂ കമ്മി ഗ്രാന്റ് കുറച്ചതും 12,000 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരം തുടർന്ന് നൽകാൻ വിസമ്മതിക്കുന്നതും വരുമാനം തകർക്കുന്നതാണ്. മുൻവർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 24,639 കോടി രൂപയുടെ കുറവ് കേന്ദ്ര നിലപാടുമൂലം ഈവർഷം ഉണ്ടാകും. ഈ സാഹചര്യത്തിലാണ് കടമെടുപ്പ് പരിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.