ന്യൂഡൽഹി
മഹാരാഷ്ട്രയിലെ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരണത്തിന്റെ മറവിൽ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള സർക്കാർ തീരുമാനം ജീവനക്കാരുടെയും തൊഴിലാളികളുടെയുംശക്തമായ പ്രക്ഷോഭത്തെ തുടർന്ന് റദ്ദാക്കി. ലക്ഷത്തിലേറെ വരുന്ന പൊതുമേഖലാ വൈദ്യുതി ജീവനക്കാരും കരാർ തൊഴിലാളികളും എൻജിനിയർമാരും തുടങ്ങിയ 72 മണിക്കൂർ സൂചനാ പണിമുടക്കിനു മുമ്പിൽ മഹാരാഷ്ട്ര സർക്കാർ കീഴടങ്ങി. എസ്മ അടക്കം ഭീഷണി മുഴക്കിയെങ്കിലും സമരവീര്യത്തിന് മുന്നിൽ സർക്കാരിന്പിടിച്ചുനിൽക്കാനായില്ല. പണിമുടക്ക് ആരംഭിച്ച് മണിക്കൂറുകൾക്കകം ചർച്ചയ്ക്ക് വഴങ്ങിയ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സ്വകാര്യവൽക്കരണ നീക്കത്തിൽനിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ചു.
മുംബൈയിലെ ചില മേഖലകളിൽ വൈദ്യുതി വിതരണം അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കാനുള്ള നീക്കമാണ് ഒറ്റക്കെട്ടായ സമരത്തിലൂടെ പൊളിച്ചത്. സ്വകാര്യവൽക്കരണ നീക്കത്തിൽനിന്ന് പിന്തിരിയുക, പുതിയ നിയമനങ്ങൾക്ക് തയ്യാറാവുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ചൊവ്വ അർധരാത്രിയാണ് വൈദ്യുതി മേഖലയിലെ 31 സംഘടനകൾ 72 മണിക്കൂർ പണിമുടക്ക് ആരംഭിച്ചത്. ബുധൻ പകൽ രണ്ടോടെ ഉപമുഖ്യമന്ത്രി ഫഡ്നാവിസ് ചർച്ചയ്ക്ക് സന്നദ്ധനായി. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കില്ലെന്ന് ചർച്ചയ്ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. റെഗുലേറ്ററി കമീഷനുകൾ വഴി സമാന്തര ലൈസൻസുകൾക്ക് നീക്കമുണ്ടായാൽ സർക്കാർ എതിർക്കും. വൈദ്യുതി ഉൽപ്പാദന–- വിതരണ–- പ്രസരണ മേഖലകളിലായി മൂന്നുവർഷത്തിനുള്ളിൽ അമ്പതിനായിരം കോടി രൂപ സർക്കാർ മുടക്കുമെന്നും പ്രഖ്യാപിച്ചു. പിന്നാലെ പണിമുടക്ക് പിൻവലിക്കുന്നതായി സംഘടനകള് അറിയിച്ചു. ജീവനക്കാരെയും തൊഴിലാളികളെയും സിഐടിയു അടക്കമുള്ള ട്രേഡ്യൂണിയൻ സംഘടനകൾ അഭിനന്ദിച്ചു.
പാർലമെന്റിൽ അവതരിപ്പിച്ച വൈദ്യുതി ഭേദഗതി ബില്ലിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ തയ്യാറെടുക്കുന്ന മോദി സർക്കാരിന് മഹാരാഷ്ട്രയിലെ പണിമുടക്ക് വിജയം കനത്ത തിരിച്ചടിയായി. വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കാനുള്ള നീക്കം നേരത്തേ യുപി, കശ്മീർ, പുതുശേരി എന്നിവിടങ്ങളിലും ജീവനക്കാർ കൂട്ടായ പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തിയിരുന്നു.