റിയാദ്
‘യൂറോപ്പിൽ ഇനി നേടാനൊന്നുമില്ല. എല്ലാ കിരീടങ്ങളും എന്റെ ശേഖരത്തിലുണ്ട്. ഏഷ്യയിലെ വെല്ലുവിളികളിലാണ് ഇനി ശ്രദ്ധ. ഒന്നും അവസാനിച്ചിട്ടില്ല. ഇത് പുതിയ തുടക്കം’–-റിയാദ് മർസൂൽ പാർക്കിൽ ആർത്തുവിളിച്ച കാൽലക്ഷത്തോളം വരുന്ന ആരാധകർക്കുമുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രഖ്യാപിച്ചു.
സൗദി അറേബ്യൻ ക്ലബ് അൽ നാസെറിൽ ചേർന്നശേഷം ആദ്യമായി ആരാധകർക്കുമുന്നിൽ അവതരിച്ച മുന്നേറ്റക്കാരൻ എല്ലാ വിമർശങ്ങൾക്കും മറുപടി നൽകി. ‘സൗദി അറേബ്യൻ ലീഗ് ഒട്ടും ചെറുതല്ല. കടുത്ത മത്സരമാണിവിടെ. ഇതറിയാത്തവരാണ് പലരും. യൂറോപ്പ്, ബ്രസീൽ, ഓസ്ട്രേലിയ, അമേരിക്ക, പോർച്ചുഗൽ എന്നിവിടങ്ങളിൽനിന്നെല്ലാം ക്ലബ്ബുകൾ സമീപിച്ചിരുന്നു. പക്ഷേ, എന്റെ പരിഗണന അൽ നാസെറിനായിരുന്നു. ഞാനൊരു വ്യത്യസ്തനായ കളിക്കാരനാണ്. തീരുമാനങ്ങളിലും അതുണ്ടാകും’–-റൊണാൾഡോ പറഞ്ഞു.
അവധിക്കാലമാഘോഷിക്കാനല്ല സൗദിയിൽ എത്തിയതെന്ന് വ്യക്തമാക്കിയായിരുന്നു റൊണാൾഡോയുടെ ഓരോ വാക്കുകളും. പങ്കാളി ജോർജീന റോഡ്രിഗസ്, മൂത്ത മകൻ റൊണാൾഡോ ജൂനിയർ ഉൾപ്പെടെ നാല് മക്കളും മർസൂൽ പാർക്ക് സ്റ്റേഡിയത്തിലെ അവതരണത്തിൽ പോർച്ചുഗൽ ക്യാപ്റ്റനൊപ്പമുണ്ടായിരുന്നു.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് ഏകദേശം 1772 കോടി രൂപ വാർഷിക ശമ്പളത്തിലാണ് റൊണാൾഡോയെ അൽ നാസെർ സ്വന്തമാക്കിയത്. 2025 വരെയാണ് കരാർ. ‘ഫുട്ബോളിൽ മാത്രമല്ല. ഈ രാജ്യത്തിന്റെ എല്ലാ വികസനത്തിലും പങ്കാളിയാകാൻ ആഗ്രഹിക്കുന്നു’–-മുപ്പത്തേഴുകാരൻ വ്യക്തമാക്കി.
ഔദ്യോഗിക അവതരണത്തിനുശേഷം ക്ലബ്ബിലെ സഹതാരങ്ങൾക്കൊപ്പം പരിശീലനവും നടത്തി റൊണാൾഡോ. സൗദി പ്രൊ ലീഗിൽ ഇന്ന് അൽ തായ് എഫ്സിക്കെതിരായ മത്സരത്തിൽ താരം പകരക്കാരനായി കളിക്കുമെന്നാണ് സൂചന. പരിശീലകൻ റൂഡി ഗാർഷ്യ അനുവദിച്ചാൽ കളിക്കാൻ സജ്ജനാണെന്നും മുന്നേറ്റക്കാരൻ അറിയിച്ചു. സൗദി ലീഗിൽ 11 കളിയിൽ 26 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് അൽ നാസെർ.