ഭുവനേശ്വർ > ഒഡീഷയിൽ വീണ്ടുമൊരു റഷ്യൻ പൗരനെ മരിച്ചനിലയിൽ കണ്ടെത്തി. മിലാകോവ് സെർജി (51) യാണ് മരിച്ചത്. ജഗത്സിങ്പുർ ജില്ലയിലെ പരദിപ് പോർട്ടിൽ നങ്കൂരമിട്ടിരുന്ന കപ്പലിലാണ് മൃതദേഹം കണ്ടെത്തിയത്. എം ബി അൽനാ കപ്പലിലെ ചീഫ് എൻജിനീയറായിരുന്നു സെർജി. ബംഗ്ലാദേശിലെ ചിറ്റഗോങ് പോർട്ടിൽനിന്ന് മുംബൈയിലേക്ക് സഞ്ചരിക്കുകയായിരുന്നു കപ്പൽ.
കഴിഞ്ഞദിവസം രണ്ട് റഷ്യൻ പൗരന്മാരെ ഒഡീഷയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സംഭവങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പൊലീസ് പറഞ്ഞു.
റഷ്യൻ പൗരന്മാർ ഒഡിഷയിൽ മരിച്ച സംഭവത്തിൽ അന്വേഷണം ‘തുറന്ന മനസ്സോടെ’ നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കള്ളക്കളി നടന്നതിന് തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡിജിപി എസ് കെ ബൻസാൽ പറഞ്ഞു. റഷ്യൻ വ്യവസായിയും നിയമസഭാംഗവുമായ പവൽ ആന്റോവ് (65) 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് വീണ് മരിച്ചിരുന്നു. സുഹൃത്ത് വ്ലാദിമിർ ബിഡെനോവി (61)നെ 22ന് മുറിയിൽ മരിച്ച നിലയിലും കണ്ടെത്തി. രായഗഡയ്ക്കു സമീപമുള്ള ശ്മശാനത്തിൽനിന്ന് ആന്റോവിന്റെയും ബിഡെനോവിന്റെയും മൃതദേഹ അവശിഷ്ടങ്ങൾ സിഐഡി ശേഖരിച്ചിട്ടുണ്ട്. അവ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.