കോഴിക്കോട് > കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 61-മത് സ്കൂൾ കലോത്സവം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജാതിക്കും മതത്തിനും അതീതമാണ് കല. കുട്ടികൾ മുതിർന്നവർക്ക് മാതൃകയാകണമെന്നും സ്നേഹം കൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെെവിധ്യങ്ങളുടെ പരിച്ഛേദമാണ് കലോത്സവം.അന്യം നിന്നുപോകുന്ന കലകളെ സംരക്ഷിക്കുന്നതിനും കലോത്സവം വേദിയാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുനാൾ നീളുന്ന കലോത്സവത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്.രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തി. 50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു. നടി ആശ ശരത് വിശിഷ്ടാതിഥിയായി.
കലയുടെ ദേശമായ കോഴിക്കോട്ടെ 24 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. അപ്പീലുമായി എത്തുന്നവരെ കൂടാതെ 9352 മത്സരാർഥികളുണ്ട്. ഏഴിന് വൈകിട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും.