മേൽപറമ്പ് (കാസർകോട്) > ചട്ടഞ്ചാൽ ദേശീയപാതയിൽ കാർഗോ കണ്ടെയ്നർ ലോറിയിൽ ചാക്ക് കെട്ടുകളിൽ നിറച്ച് കടത്തിയ നിരോധിത പാൻമസാലയുടെ വൻ ശേഖരം പിടികൂടി. തിങ്കളാഴ്ച രാത്രി മേൽ പറമ്പ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ചാക്കുകെട്ടുകളിലായി സൂക്ഷിച്ച 30000 ത്തിലധികം പാക്കറ്റ് നിരോധിത പാൻമസാല പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് കമ്പനി പാർസൽ കൊണ്ടുപോകുന്ന NL 01 AE 7898 നമ്പർ കാർഗോ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ കാബിനിലാണ് പാൻമസാല ചാക്കു കെട്ടുകൾ കയറ്റിയിരുന്നത്. ലോറി ഡ്രൈവർ കർണാടക വിജയപൂർ, ഗാന്ധി ചൗക്കയിലെ സിദ്ധലിംഗപ്പ (39) നെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് ചോദ്യം ചെയ്തതിൽ പാൻമസാല പാക്കറ്റുക ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ഒരാൾ കയറ്റി വിട്ടതാണെന്നും കോഴിക്കോട് ഇറക്കിയാൽ മൂവായിരം രൂപ കടത്തുകൂലി കിട്ടുമെന്നും ഡ്രൈവർ പൊലീസിനോട് സമ്മതിച്ചു. പാർസൽ കമ്പനി അധികൃതർ അറിയാതെയാണ് ലോറി ജീവനക്കാർ ഇത്തരം അനധികൃത കടത്ത് നടത്തുന്നതെന്ന് കരുതുന്നു. വാഹന പരിശോധനയിൽ സിഐ ടി ഉത്തംദാസിനൊപ്പം മേൽപറമ്പ സ്റ്റേഷനിലെ ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നീ പോലീസുദ്യോഗസ്ഥരും പങ്കെടുത്തു.