2016 നവംബർ എട്ടിനാണ് നരേന്ദ്രമോദി സർക്കാർ 500, 1000 രൂപ നോട്ട് അസാധുവാക്കിയത്. ജനങ്ങളെ വലച്ച് സമ്പദ്വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ടിച്ച ഏകപക്ഷീയ നടപടിയുടെ നാൾവഴികൾ
● കള്ളപ്പണം, അഴിമതി, ഭീകരവാദം എന്നിവ അവസാനിപ്പിക്കുമെന്ന അവകാശവാദത്തോടെ നോട്ട് അസാധുവാക്കല് പ്രഖ്യാപനം 2016 നവംബർ എട്ട് രാത്രി എട്ടിന്.
● ബാങ്കുകള്ക്കു മുന്നില് പണത്തിനായി വരിനിന്ന് കുഴഞ്ഞുവീണും മറ്റും ജീവൻ നഷ്ടമായത് നൂറോളം പേർക്ക്.
● 34 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തുമെന്ന് കേന്ദ്രം പ്രതീക്ഷിച്ചെങ്കിലും കണ്ടെത്തിയത് 1.3 ലക്ഷം കോടി രൂപയുടെ കള്ളപ്പണംമാത്രം.
● അസാധുവാക്കിയ നോട്ടുകളുടെ ആകെ മൂല്യം 15.41 ലക്ഷം കോടി. റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം 99 ശതമാനം നോട്ടും തിരിച്ചെത്തി. (15.31 ലക്ഷം കോടി രൂപ)
● തീരുമാനം നടപ്പാക്കാൻ കേന്ദ്രം ചെലവഴിച്ചത് 21,000 കോടി.
● തിരിച്ചുവരാത്തവയുടെ ആകെ മൂല്യം 16,000 കോടിമാത്രം.
● നോട്ടുഅസാധുവാക്കിയപ്പോള് റിസർവ് ബാങ്ക് ഗവർണറായിരുന്നു രഘുറാം രാജൻ നടപടിയെ പിന്നീട് തള്ളിപ്പറഞ്ഞു.
● ജമ്മു കശ്മീരിൽ ഭീകരാക്രമണവും കൊല്ലപ്പെട്ടവരുടെ എണ്ണവും കൂടി. ആറു വർഷത്തിനിടയിൽ 269 ഭീകരാക്രമണത്തിലായി 1240 പേർ ജമ്മു കശ്മീരിൽമാത്രം കൊല്ലപ്പെട്ടു.
● നോട്ടുകളുടെ എണ്ണം 2016ൽ ഒമ്പത് ലക്ഷമായിരുന്നത് നിരോധനത്തെതുടർന്ന് 7.8 ലക്ഷമായി കുറഞ്ഞെങ്കിലും പിന്നീട് ഇതും വർധിച്ചു. 13.05 ലക്ഷം നോട്ടാണ് നിലവിൽ പ്രചാരത്തിലുള്ളത്.
● പുതിയനോട്ട് ഇറക്കിയതിനു പിന്നാലെ കള്ളനോട്ടുകളും ഇറങ്ങി. – 2016ൽ 6.32 ലക്ഷം വ്യാജനോട്ട് പിടികൂടി. 100 രൂപയുടെ വ്യാജനോട്ടുകളും വർധിച്ചു. – റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2021 –-22 വാർഷിക റിപ്പോർട്ട് പ്രകാരം അഞ്ഞൂറിന്റെ കള്ളനോട്ട് മുൻവർഷത്തേക്കാൾ 101.9 ശതമാനം വർധിച്ചു.
(തയ്യാറാക്കിയത് റിസർച്ച് ഡെസ്ക് )















