ന്യൂഡൽഹി> ഒന്നാം മോദി സർക്കാരിന്റെ അസാധാരണമായ നോട്ട് അസാധുവാക്കൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിപ്രകാരം ശരിവച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീർ, ബി ആർ ഗവായ്, എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവർ നടപടി ശരിവച്ചപ്പോൾ ജസ്റ്റിസ് ബി വി നാഗരത്ന നടപടി നിയമവിരുദ്ധമാണെന്ന് പ്രത്യേകമായ ഉത്തരവിലൂടെ വിധിച്ചു. ലക്ഷ്യം നിറവേറ്റിയോ എന്നത് പ്രസക്തമല്ലെന്നും ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചു. 2016 നവംബർ എട്ടിനാണ് 500, 1000 രൂപ നോട്ട് അസാധുവാക്കിയത്. ജനങ്ങളെ വലച്ച് സമ്പദ്വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ടിച്ച ഏകപക്ഷീയ നടപടി ചോദ്യംചെയ്ത ഹർജികളില് ആറു വർഷത്തിനുശേഷമാണ് തീർപ്പ്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബിനോയ് വിശ്വം എംപി എന്നിവരുടേതടക്കം 58 ഹർജിയാണ് പരിഗണിച്ചത്. പി ചിദംബരം, ശ്യാം ദിവാൻ, പ്രശാന്ത് ഭൂഷൺ തുടങ്ങിയ അഭിഭാഷകരാണ് സർക്കാരിനെതിരെ വാദിച്ചത്.
കേസ് ആദ്യം പരിഗണിച്ച രണ്ടംഗ ബെഞ്ച് ഒമ്പത് ചോദ്യം ഭരണഘടനാ ബെഞ്ചിന്റെ തീർപ്പിന് വിടുകയായിരുന്നു. സർക്കാർ നടപടി ആർബിഐ നിയമത്തിന്റെ 26(2) ചട്ടത്തിന് വിരുദ്ധമാണോ എന്നാണ് മുഖ്യമായും പരിഗണിച്ചത്. ആർബിഐ ശുപാർശപ്രകാരം സർക്കാരിന് നിലവിൽ പ്രചാരത്തിലുള്ള നോട്ടിന്റെ ഏത് സീരീസും അസാധുവാക്കാമെന്നാണ് 26(2)ൽ പറയുന്നത്. നടപടി ആർബിഐ ശുപാർശപ്രകാരമല്ലെന്നും സർക്കാർ താൽപ്പര്യപ്രകാരമാണെന്നുമുള്ള വാദവും ഉയർന്നു. എന്നാൽ, ആർബിഐയുമായി കൂടിയാലോചനയ്ക്കുശേഷം നോട്ട് അസാധുവാക്കിയതിനാൽ ആ വാദം നിലനിൽക്കില്ലെന്ന് ഭൂരിപക്ഷ ബെഞ്ച് വിധിച്ചു. അസാധു നോട്ടുകൾ മാറുന്നതിന് 52 ദിവസത്തെ സമയം നൽകിയതും നീതിയുക്തമാണ്. സാമ്പത്തികനയമെന്നത് വലിയ സംയമനം ആവശ്യമായ വിഷയമാണ്. കോടതിക്ക് സ്വന്തം യുക്തിയാൽ എക്സിക്യൂട്ടീവിന്റെ യുക്തിയെ തകിടം മറിക്കാനാകില്ല. കള്ളപ്പണം തടയൽ, ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലാതാക്കൽ തുടങ്ങി സർക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി ന്യായമായ പരസ്പരബന്ധം ഉണ്ട്. ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റിയോ എന്നത് പ്രസക്തമല്ല–- ഭൂരിപക്ഷ ബെഞ്ച് വിധിച്ചു.
നിയമവിരുദ്ധം: ജസ്റ്റിസ് നാഗരത്ന
ഗസറ്റ് വിജ്ഞാപനത്തിലൂടെയുള്ള മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ഭിന്നവിധിയിൽ വ്യക്തമാക്കി. 500, 1000 കറൻസികൾ അപ്പാടെ അസാധുവാക്കിയത് ഗൗരവമുള്ള വിഷയമാണ്. ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇത് സാധ്യമല്ല. നിയമനിർമാണത്തിലൂടെമാത്രം നടപ്പാക്കേണ്ട കാര്യമാണിതെന്നും- 124 പേജ് വരുന്ന പ്രത്യേക ഉത്തരവിൽ ജസ്റ്റിസ് നാഗരത്ന വിധിച്ചു. ഒരു നോട്ടിന്റെ സീരീസ് അപ്പാടെ പിൻവലിക്കാൻ നിയമനിർമാണം ആവശ്യമാണ്. കേന്ദ്രതാൽപ്പര്യത്തിന് തലവച്ചുകൊടുത്ത ആർബിഐ സ്വതന്ത്ര നിലപാടെടുത്തില്ല. വെറും 24 മണിക്കൂർകൊണ്ട് നടപടി പൂർത്തീകരിച്ചു. ആർബിഐ നിയമത്തിലെ 26(2) വകുപ്പിൽ നോട്ടിന്റെ ഏതെങ്കിലും സീരീസ് ശുപാർശപ്രകാരം അസാധുവാക്കാമെന്നാണ് പറയുന്നത്. മൊത്തം സീരീസ് അസാധുവാക്കാമെന്നല്ല. നടപടിക്ക് തുടക്കമിടേണ്ടത് കേന്ദ്രമല്ല. ആർബിഐ ആണ്. അല്ലെങ്കിൽ നിയമനിർമാണമോ ഓർഡിനൻസോ വേണം. ഇവിടെ കേന്ദ്രം തീരുമാനമെടുത്തശേഷം ആർബിഐയുടെ അഭിപ്രായം ആരായുകയാണ് ചെയ്തത്. നോട്ടുകൾ പിൻവലിച്ച് ആറുവർഷം പിന്നിട്ടു. ഇനിയിപ്പോൾ ബാധിക്കപ്പെട്ടവര്ക്ക് പ്രത്യേക ആശ്വാസം നൽകാനാകില്ല–- ജസ്റ്റിസ് നാഗരത്ന വിധിയിൽ പറഞ്ഞു.















