കണ്ണൂർ> സാമൂഹ്യ ഇടപപെടലിന് രാജ്യത്തെ ഗ്രന്ഥശാലകളെ പ്രാപ്തമാക്കുന്ന പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ചൊവ്വാഴ്ച സമാപിക്കും. പകൽ കണ്ണൂർ സർവകലാശാലയിലെ ചെറുശേരി ഓഡിറ്റോറിയത്തിൽ തദ്ദേശമന്ത്രി എം ബി രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനാവും. കവി കെ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. കൽവ കുന്തല കവിത, ഉമാ മഹാദേവൻ തുടങ്ങിയവർ സംസാരിക്കും. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ്, കണ്ണൂർ സർവകലാശാല, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയാണ് മൂന്ന് ദിവസത്തെ ലൈബ്രറി കോൺഗ്രസിന്റെ സംഘാടകർ.
ലൈബ്രറി കോൺഗ്രസിൽ തിങ്കളാഴ്ച നന്ന ആറ് സെഷനുകൾ ചർച്ച ചെയ്തത് സർവതല സ്പർശിയായ വിഷയങ്ങൾ. പുതിയ കാലത്തിനനുസരിച്ച് ഗ്രന്ഥശാലകൾ മാറണമെന്ന നിർദേശം എല്ലാവരും അംഗീകരിച്ചു. ‘സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം, ശിശുവികസനം–- ലൈബ്രറികളുടെ പങ്ക്’ വിഷയത്തിൽ നടന്ന സെഷനിൽ സാമൂഹികനീതിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കും സ്ത്രീമുന്നേറ്റത്തിന് കൂടുതൽ കർമപരിപാടികൾക്കുമായിരുന്നു ആവശ്യം. ഗ്രന്ഥശാലകളുമായി ബന്ധപ്പെട്ട ശിശുവികസനം എങ്ങനെയാവണമെന്നതിനെക്കുറിച്ചുള്ള സെഷൻ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്തു. ‘സമകാലിക കേരളം–- മാറുന്ന സാമൂഹ്യ സാഹചര്യവും പൊതു ഇടത്തിന്റെയും പ്രസക്തി’ സെഷൻ ഭാവി പ്രവർത്തനത്തിനുള്ള രൂപരേഖയായി. മലയാള സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
‘ശാസ്ത്ര, സാങ്കേതിക വിദ്യ, പൊതുഇടത്തിന്റെ വികസനം’ സെഷൻ വേറിട്ട കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിനുള്ള വേദിയായിരുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പൊതുഇടമായി ലൈബ്രറികളെ മാറ്റാൻ ആസൂത്രണം വേണമെന്നും തിരിച്ച് ലൈബ്രറികളുടെ വികസനത്തിന് ഇവ പ്രയോജനപ്പെടുത്താനും നിർദേശങ്ങളുയർന്നു. ‘കായികമേഖല, ആരോഗ്യം, ശാരീരിക ക്ഷേമം’ സെഷനിൽ ഗ്രന്ഥശാലകൾ കലാപ്രവർത്തനത്തിൽ മാത്രം കേന്ദ്രീകരിക്കേണ്ടവയല്ലെന്ന് സാധൂകരിക്കാൻ ഒട്ടേറെ ലൈബ്രറികളുടെ കായികപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ച. ഡോ. ജിജു പി അലക്സ്, ഡോ. കെ പി അരവിന്ദൻ എന്നിവർ സംസാരിച്ചു. ‘വിഭവ സംരക്ഷണവും ലൈബ്രറി കെട്ടിട രൂപകൽപ്പനയും പൊതു ഇടങ്ങളും ’ സെഷൻ മാറിയ കാലത്തെ ലൈബ്രറിക്ക് രൂപംനൽകി. ഗവേഷകസംഗമം സെഷനിൽ ഗവേഷണ ഫലങ്ങൾ സമൂഹത്തിന്റെ എല്ലാതലങ്ങളും സ്പർശിക്കുന്നുണ്ടോയെന്ന് ചോദ്യമുയർന്നു. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. ഡോ. ജി ശങ്കർ അധ്യക്ഷനായി. ഡോ. എം സത്യൻ സംസാരിച്ചു.















