ശ്രീനഗർ> പുതുവർഷത്തിലും ജമ്മു കശ്മീരിനെ നടുക്കി തുടർച്ചയായ ഭീകരാക്രമണം. അതിർത്തി ജില്ലയായ രജൗരിയിലെ ഡഗ്രി ഗ്രാമത്തിൽ ഞായർ വൈകിട്ടും തിങ്കൾ രാവിലെയും നടന്ന ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. 10 മിനിറ്റ് തലങ്ങും വിലങ്ങും നിറയൊഴിച്ച ശേഷം ഭീകരർ കടന്നുകളഞ്ഞതായി എഡിജിപി മുകേഷ് സിങ് പറഞ്ഞു.
ഞായർ വൈകിട്ട് ഏഴോടെ മൂന്നു വീട് ലക്ഷ്യം വച്ചാണ് രണ്ടംഗ ഭീകരസംഘം വെടിവയ്പ് നടത്തി. നാലുപേർ കൊല്ലപ്പെട്ടു. ഇതിന് സമീപത്താണ് തിങ്കൾ രാവിലെ നാടൻബോംബ് പൊട്ടി രണ്ടു കുട്ടികൾ മരിച്ചത്. ഇവിടെനിന്ന് ഒരു ബോംബ്കൂടി കണ്ടെത്തി. ഇതിനിടെ വീണ്ടും സ്ഫോടനം നടന്നു. പ്രദേശത്ത് വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. വ്യാപാരികളും മറ്റു സംഘടനകളും പണിമുടക്ക് നടത്തി. ഇതോടെ മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപയും സർക്കാർ ജോലിയും ലഫ്. ഗവർണർ മനോജ് സിൻഹ വാഗ്ദാനം ചെയ്തു. കശ്മീരി പണ്ഡിറ്റുകളും ഡോഗ്രകളും നടത്തുന്ന പണിമുടക്ക് മാസങ്ങളായി തുടരുന്നതിനിടയിലാണ് പുതിയ സംഭവം.
അപലപിച്ച് പ്രതിപക്ഷം
രാജ്യത്ത് വിദ്വേഷം പടർത്തുന്നതിന്റെ അനന്തരഫലമാണ് നിരപരാധികളുടെ കൊലപാതകങ്ങളെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. സമാധാനം പുനഃസ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന കേന്ദ്രം ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു.















