ന്യൂഡൽഹി> ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശൈത്യതരംഗം പിടിമുറുക്കി. ലഡാക്കിലെ പഡും നഗരത്തിൽ മൈനസ് 25 ഡിഗ്രിയായിരുന്നു തിങ്കളാഴ്ച കുറഞ്ഞ താപനില. ജമ്മു കശ്മീരിലെ ഗുൽമാർഗിൽ കുറഞ്ഞ താപനില – മൈനസ്10 ഡിഗ്രി. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസവും കനത്ത മൂടൽമഞ്ഞും തുടരും.
ശൈത്യതരംഗം ഡൽഹിയിലും രൂക്ഷമായി. കുറഞ്ഞ താപനില 7.6 ഡിഗ്രി സെൽഷ്യസ് ആണ്. വായുനിലവാരം വളരെ മോശം നിലവാരത്തില്. പഞ്ചാബ്, ഹരിയാന സർക്കാർ എല്ലാ സ്കൂളുകളുടെയും ശൈത്യകാല അവധി എട്ടുവരെ നീട്ടി.















